നീലേശ്വരത്തെ ശ്വാസംമുട്ടിക്കരുത്; ആകാശപാതയ്ക്കായി പ്രതിഷേധക്കടലായി മോട്ടോര്‍ ജാഥ

നീലേശ്വരം: നീലേശ്വരത്തിന്റെ അസ്തിത്വത്തെ തകര്‍ക്കുന്ന അശാസ്ത്രീയ ദേശീയപാത നിര്‍മ്മാണത്തിനെതിരെ ജനകീയ സമരസമിതി നടത്തുന്ന പോരാട്ടം ജനകീയ വിപ്ലവമായി മാറുന്നു. നഗരത്തെ വിഭജിച്ച് കൂറ്റന്‍ മതില്‍പോലെ മണ്ണടിച്ചുയര്‍ത്തുന്ന രീതി ഉപേക്ഷിക്കണമെന്നും പകരം ആകാശപാത (എലിവേറ്റഡ് ഹൈവേ) നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതി സംഘടിപ്പിച്ച മോട്ടോര്‍ ജാഥ പ്രതിഷേധക്കടലായി മാറി. യുവാക്കളും നാട്ടുകാരും അണിനിരന്ന ജാഥ നീലേശ്വരത്തിന്റെ തെരുവുകളില്‍ സമരവീര്യത്തിന്റെ കനലൂതി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കോട്ടപ്പുറം ജംഗ്ഷനില്‍ നിന്നാണ് ജാഥാ പ്രയാണമാരംഭിച്ചത്. മാര്‍ക്കറ്റ് വഴി നീലേശ്വരത്തിന്റെ ഹൃദയസിരയായ ടെമ്പിള്‍ റോഡിലൂടെ നീങ്ങിയ ജാഥ കോണ്‍വെന്റ് ജംഗ്ഷനിലെത്തി. അവിടെ നിന്നും തിരിച്ച് പൈതൃക പെരുമയുള്ള തെരു വഴി സഞ്ചരിച്ച് മാര്‍ക്കറ്റിലെ സമരപന്തലില്‍ സമാപിച്ചു. നിരവധി ബൈക്കുകള്‍ അണിനിരന്ന റാലിയിലുടനീളം നീലേശ്വരത്തിന്റെ നിലനില്‍പ്പിനായുള്ള ഉശിരന്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കേട്ടു. മുപ്പത്തിയാറ് ദിവസം പിന്നിട്ട അനിശ്ചിതകാല സമരത്തിന് പുതിയ ഊര്‍ജ്ജം പകരാന്‍ ഈ ബഹുജന പങ്കാളിത്തത്തിന് സാധിച്ചു. കഴിഞ്ഞ ദിവസം മുന്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് സമരക്കാര്‍ക്ക് വലിയ കരുത്തായി.
അതേസമയം, ദേശീയപാത നിര്‍മ്മാണം സംബന്ധിച്ച വിശദമായ പഠന റിപ്പോര്‍ട്ടുകള്‍ നേരത്തെ ലഭിച്ചിട്ടും അത് മറച്ചുവെച്ച നഗരഭരണാധികാരികളുടെ നിലപാടിനെതിരെ പ്രതിഷേധം കത്തുകയാണ്. പണി പൂര്‍ത്തിയാകാറായപ്പോള്‍ നഗരസഭ നടത്തുന്ന സമരപ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനാണെന്ന വിമര്‍ശനം ശക്തമാണ്. ചതുപ്പിലെ അശാസ്ത്രീയ നിര്‍മ്മാണം ഭാവിയില്‍ വലിയ വെള്ളക്കെട്ടിന് കാരണമാകുമെന്നും, ബസുകള്‍ നഗരത്തിലേക്ക് കടക്കാത്ത അവസ്ഥ നീലേശ്വരത്തെ തകര്‍ക്കുമെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു. ആകാശപാത എന്ന നീതിപൂര്‍വ്വമായ ആവശ്യം അംഗീകരിക്കുന്നത് വരെ പോരാട്ടം തുടരാന്‍ തന്നെയാണ് ജനകീയ സമിതിയുടെ തീരുമാനം.

 

error: Content is protected !!