അതിരുകളില്ലാത്ത മാതൃസ്‌നേഹം പകര്‍ന്ന് ഭൂമിയിലെ മാലാഖ : ശ്രദ്ധേയമായി ജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരസ്യചിത്രം

കാഞ്ഞങ്ങാട് : അവതരിപ്പിച്ച വിഷയത്തിന്റെ പ്രാധാന്യം കൊണ്ട് ശ്രദ്ധേയമായി പ്രേക്ഷകലക്ഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് കാഞ്ഞങ്ങാട് നിന്നുള്ള ഒരു പരസ്യ ചിത്രം. ജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ടെക്‌നോളജിയുടെ രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള പരസ്യ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം ഒരു ലക്ഷത്തിലധികം പ്രേക്ഷകര്‍ പരസ്യ ചിത്രം കണ്ടുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി യുവ സംവിധായകന്‍ ചന്ദ്രു വെള്ളരിക്കുണ്ടാണ് ഈ പരസ്യ ചിത്രം ഒരുക്കിയത്. അസുഖബാധിതയായി ജനറല്‍ ആശുപത്രിയില്‍ മരണപ്പെട്ട അസം സ്വദേശിനിയുടെ ഒന്നര മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് അച്ഛന്റെ കയ്യിലിരുന്ന് വിശന്ന് വാവിട്ട് കരഞ്ഞ സംഭവം ഏറെ സങ്കടകരമായ കാഴ്ച്ചയായിരുന്നു. മുലപ്പാല്‍ മാത്രം കുടിക്കേണ്ട പ്രായത്തില്‍ കുഞ്ഞിന്റെ വിശപ്പു മാറ്റാന്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന ആ അഥിതി തൊഴിലാളിയുടെ വേദനയും നിസഹായതയും ആശുപത്രി മോര്‍ച്ചറിക്ക് മുന്നിലെ ഒരു നൊമ്പര കാഴ്ച്ചയായിരുന്നു. ഈ സമയത്താണ് ഭൂമിയിലെ മാലാഖയായി വന്ന മെറിന്‍ ബെന്നി എന്ന നഴ്‌സിന്റെ അമ്മ മനസ് ഉണര്‍ന്നത്. സംഭവങ്ങള്‍ക്ക് സാക്ഷിയായി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മെറിന്‍ കുഞ്ഞിനെ വാരിയെടുത്ത് ക്യാബിനിലെത്തി മുലയൂട്ടുകയായിരുന്നു വിശന്നു കരഞ്ഞ കുഞ്ഞിന് അമ്മച്ചൂട് പകര്‍ന്ന് സ്വന്തം കുഞ്ഞിപ്പോലെ മുലയൂട്ടി മനുഷ്യസ്‌നേഹത്തിന് ദേശത്തിന്റെ അതിര്‍ത്തികളില്ലെന്ന സന്ദേശം പകര്‍ന്നു നല്‍കിയ ഈ സംഭവം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രിയടക്കം സമൂഹത്തിലെ നാനാഭാഗങ്ങളില്‍ നിന്നും മെറിന്‍ ബെന്നിക്ക് അഭിനന്ദന പ്രവാഹമെത്തി. ഈ ഒരു സംഭവം മനസില്‍ ആഴത്തില്‍ പതിഞ്ഞിരുന്നതായും ഒരു നഴ്‌സിംഗ്, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യം ചെയ്യാന്‍ അവസരം വന്നപ്പോള്‍ ഈ ആശയം എന്തുകൊണ്ടും അനുയോജ്യമാണെന്ന് തോന്നിയതു കൊണ്ടാണ് ജ്യോതി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരസ്യ ചിത്രത്തിന് വേണ്ടി ചെയ്തതെന്നും സംവിധായകന്‍ ചന്ദ്രു വെള്ളരിക്കുണ്ട് പറഞ്ഞു. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍മാരായ സിന്ധു ഗിരീഷ് ദമ്പതികളുടെ മുഴുവന്‍ പിന്തുണയും കൂടിയായപ്പോള്‍ ലഭിച്ചത് മികച്ച സന്ദേശം നല്‍കുന്ന ഒരു പരസ്യ ചിത്രമാണ്. തീയ്യേറ്ററില്‍ വിജയം നേടിയ സെന്ന ഹെഗ്‌ഡെയുടെ ‘Aവിഹിതം’ എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ചന്ദ്രു. സുധീഷ് ഗോപിനാഥിന്റെ മദനോത്സവം എന്ന ചിത്രത്തിന്റെ പിന്നണിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചന്ദ്രു തിരക്കഥ സംവിധാനം നിര്‍വ്വഹിച്ച ‘വധു വരിക്കപ്ലാവ്’, ‘ഫൂട്ട് വേര്‍’ എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ പ്രേക്ഷകശ്രദ്ധ നേടി നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. ഷോര്‍ട്ട്ഫിലിംസിനിമാ രംഗത്തെ പ്രവര്‍ത്തന പരിചയം മികച്ച സാങ്കേതിക മികവോടെ പരസ്യ ചിത്രം തയ്യാറാക്കാന്‍ ചന്ദ്രുവിന് സഹായകരമായി.

മുലയൂട്ടലിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ പരസ്യ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രശസ്ത സിനിമ സീരിയല്‍ താരം അനു ജോസഫ് ആണ്. യുവ നടന്‍ വിപി കവ്വായി, സി.പി ശുഭ, സിന്ധു ഗിരീഷ്, മാസ്റ്റര്‍ നവദീപ് (നവൂട്ടന്‍) എന്നിവരും പരസ്യ ചിത്രത്തില്‍ വേഷമിട്ടു. ഷോര്‍ട്ട് ഫിലിം സിനിമ രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള സുമേഷ് സുകുമാരനാണ് ക്യാമറ ചലിപ്പിച്ചത്, ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിലെ ‘മുല്ലേ മുല്ലേ..’ എന്ന ഹിറ്റ് ഗാനം ഉള്‍പ്പടെ നിരവധി സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച അരുണ്‍ മുരളീധരനാണ് പരസ്യ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്,

എഡിറ്റിംഗ്,കളറിംഗ് ജസ്റ്റിന്‍ തോമസ് (WMC), ആര്‍ട്ട് ഡയറക്ടര്‍ കൃഷ്ണന്‍ കോളിച്ചാല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ രാഹിത് തായന്നൂര്‍, മേയ്ക്കപ്പ് രഞ്ജിത, സൗണ്ട് എഫക്ട്‌സ് സുനില്‍ ഓംകാര്‍, ഫൈനല്‍ മിക്‌സ് സായ് പ്രകാശ്, ഡബ്ബിംഗ് മാരീസ് പി ചാക്കോ, സ്റ്റില്‍സ് ഹരികൃഷ്ണന്‍ വെള്ളരിക്കുണ്ട്, പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ ഡബ്ല്യു.എം. സി ചിറ്റാരിക്കാല്‍. പ്രൊഡക്ഷന്‍ സഹായികള്‍ ജയേഷ് കൊടക്കല്‍, നബിന്‍ ഒടയംചാല്‍, പ്രദീപ് ഒടയംചാല്‍. യൂണിറ്റ് ഗ്രോടെക്. ലൊക്കേഷന്‍ കോട്ടച്ചേരി സഹകരണ ആശുപത്രി കാഞ്ഞങ്ങാട്

 

error: Content is protected !!