ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രഖ്യാപിച്ചു; ചെറുവത്തൂരില്‍ 7×4 അണ്ടര്‍പാസേജ് അനിശ്ചിതകാല സമരം നിര്‍ത്തി

ചെറുവത്തൂര്‍: ബി. ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം. എല്‍ അശ്വിനി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിലും ദേശീയപാത അതോറിറ്റി അധികൃതരിലും നടത്തിയ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ 7×4 വിസ്തൃതിയില്‍ അണ്ടര്‍പാസേജ് പണിയാന്‍ തീരുമാനം. നിലവിലുള്ള 3×2 ബോക്‌സ് കള്‍വര്‍ട്ട് പൊളിച്ചുമാറ്റി പുതിയ അണ്ടര്‍ പാസേജിന്റെ നിര്‍മ്മാണം എത്രയും വേഗത്തില്‍ ആരംഭിക്കുമെന്ന് പ്രോജക്ട് ഡയറക്ടര്‍ നല്‍കിയ ഉറപ്പ് എം എല്‍ അശ്വിനി ഇന്നലെ വൈകുന്നേരം സമരപന്തലില്‍ നേരിട്ടെത്തി പ്രഖ്യാപിച്ചു. മാലപടക്കത്തിന് തിരികൊളുത്തിയാണ് സമരസമിതി പ്രവര്‍ത്തകര്‍ അശ്വിനിയുടെ പ്രഖ്യാപനത്തെ വരവേറ്റത്. ഈ പ്രഖ്യാപനത്തെ തുടര്‍ന്ന് വിസ്താരമുള്ള അണ്ടര്‍പാസേജ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് 157 ദിവസമായി ചെറുവത്തൂര്‍ ദേശീയപാതയില്‍ സമരസമിതി നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാര സമരം പിന്‍വലിച്ചു. ജാതിയും മതവും രാഷ്ട്രീയവും നാടിന്റെ നന്മക്കും പുരോഗതിക്കും വേണ്ടി 157 ദിവസം ഒറ്റക്കെട്ടായി സമരം നടത്തിയ ജനങ്ങളെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും ജില്ലാ പ്രസിഡന്റ് അശ്വിനി അഭിനന്ദിച്ചു. സമരത്തിന്റെ 97 ആം ദിവസം സമര പന്തല്‍ സന്ദര്‍ശിച്ച ജില്ലാ പ്രസിഡന്റ് ജനങ്ങളുടെ യാത്രാതടസം ബോധ്യപ്പെട്ടതിനാല്‍ അധികൃതരുമായി ബന്ധപ്പെട്ട് പരിഹാരം നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ തീരുമാനം വരുന്നതിന് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച ചെറുവത്തൂര്‍ പ്രസ് ഫോറം സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ അണ്ടര്‍ പാസേജ് വിഷയം പരിഹരിക്കാന്‍ വീണ്ടും ഇടപെടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എം.എല്‍ അശ്വിനി ദേശീയ പാത നിര്‍മ്മാണത്തിന്റെ പ്രൊജക്ട് ഡയറക്ടറെ ബന്ധപ്പെട്ടാണ് വിസ്താരമുള്ള അണ്ടര്‍ പാസേജ് നിര്‍മ്മിക്കാനുള്ള ഉറപ്പ് വാങ്ങിയത്. ഈ കാര്യം നേരില്‍ വന്ന് പ്രഖ്യാപിക്കണമെന്ന അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് എം.എല്‍ അശ്വിനി ഇന്നലെ
ചെറുവത്തൂരിലെ സമര പന്തലില്‍ എത്തിയത്. നാളുകളായി സമരം നടത്തിവരുന്ന നാട്ടുകാരെ ഈ പ്രഖ്യാപനം ആഹ്ലാദഭരിതരാക്കി. സമര പന്തലിലെ വനിതകളും അമ്മമാരും അശ്വിനിയെ വാരി പുണര്‍ന്നാണ് സന്തോഷം പങ്കിട്ടത്.

ചെറുവത്തൂര്‍ ടൗണില്‍ നിന്ന് റെയില്‍വെ സ്റ്റേഷന്‍ റോഡിലൂടെ പോകുന്നതിന് സൗകര്യപ്രദമായ അണ്ടര്‍ പാസേജ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കര്‍മ്മസമിതി നടത്തുന്ന നിരാഹാര സമരം നിര്‍ത്തിയതോടെ സമര പന്തല്‍ അഴിച്ചു മാറ്റും. നിര്‍മ്മാണം ദിവസങ്ങള്‍ക്കുള്ളില്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴക്കാലത്തിന് മുമ്പ് ദേശീയ പാത നിര്‍മ്മാണത്തിന്റെ ഈ റീച്ച് പൂര്‍ത്തീകരിക്കണം. ടൗണില്‍ നിന്നു റെയില്‍വെ സ്റ്റേഷനിലേക്കു പോകുന്ന വഴിയില്‍ ദേശീയ പാത മുറിച്ചു കടക്കുന്നതിനു അധികൃതര്‍ ഉണ്ടാക്കിയ ‘ഗുഹ പോലുള്ള കാറ്റില്‍ ബോക്‌സിലൂടെ ഇരുചക്ര വാഹനങ്ങള്‍ക്കു മാത്രമേ കടന്നുപോകാന്‍ കഴിയു. ഇതിനെതിരെയാണ് കര്‍മ്മസമിതി പ്രക്ഷോഭമാരംഭിച്ചത്. ഒരു മാസത്തോളം കുത്തിയിരിപ്പു സമരം നടത്തിയ ശേഷമാണ് 5 പേര്‍ വീതം ദിവസവും നിരാഹാരമിരുന്ന് പ്രതിഷേധിച്ചത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഫോലും തയ്യാറാകാത്തത് നാട്ടുകാരില്‍ പ്രതിഷേധം രൂക്ഷമാക്കിയിരുന്നു.
എപ്പോഴും യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണിത്. വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിക്കുന്ന വലിയ അണ്ടര്‍ പാസേജ് വേണം എന്നായിരുന്നു അവശ്യം. കഴിഞ്ഞ നവമ്പര്‍ 26 ന് പൊലീസെത്തി പന്തല്‍ പൊളിച്ചു നീക്കിയത് സമരം ശക്തമാക്കി. പ്രഖ്യാപന യോഗത്തില്‍ ടി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. മുകേഷ് ബാലകൃഷ്ണന്‍ സ്വാഗതവും, സി. രഞ്ജിത്ത് നന്ദിയും പറഞ്ഞു, ചെയര്‍പേഴ്‌സണ്‍ സി.വി പ്രമീള, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ടി.വി ഷിബിന്‍, കര്‍മ്മ സമിതി ഭാരവാഹികളായ ഉദിനൂര്‍ സുകുമാര്‍, നാരായണന്‍ മാസ്റ്റര്‍, കെ.കെ കുമാരന്‍ മാസ്റ്റര്‍, സന്ദീപ് മുണ്ടക്കണ്ടം, ജ്യോതിഷ് കുമാര്‍, കെ.വി സത്യപാലന്‍ എന്നിവരും സംബന്ധിച്ചു.

 

error: Content is protected !!