വെള്ളരിക്കുണ്ട് : വനത്തില്‍ തേനെടുക്കാന്‍ പോയ യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു. കോട്ടഞ്ചേരി ഉന്നതിയിലെ എച്ച്.പി.പ്രകാശന്‍ (33) ആണ് കര്‍ണാടക ഉള്‍വനത്തില്‍ തേന്‍ എടുക്കാനുള്ള ശ്രമത്തിനിടെ വീണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടം. ഉള്‍വനത്തില്‍ പോയി തേന്‍ ശേഖരിക്കുന്ന സംഘത്തിലെ അംഗമാണ് പ്രകാശന്‍. ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ കരുതി സംഘമായി വനത്തില്‍ പോയി ടെന്റ് കെട്ടി ദിവസങ്ങളോളം താമസിച്ച് തേന്‍ ശേഖരിക്കലാണ് പതിവ്. വന്‍മരങ്ങളില്‍ ഏണികള്‍ വച്ചുകെട്ടിയാണ് കയറുക. തേന്‍ ശേഖരിക്കുമ്പോള്‍ തേനീച്ചക്കുത്ത് ഏല്‍ക്കാതിരിക്കാന്‍ രാത്രിയിലാണ് തേനെടുക്കുക. മൂന്നു ദിവസം മുമ്പാണ് പ്രകാശനും മറ്റു രണ്ടുപേരും കൂടി കര്‍ണാടക ഉള്‍വനത്തില്‍ തേന്‍ എടുക്കാന്‍ പോയത്. അവിടെ വലിയമരത്തില്‍ മൂന്ന് ഏണികള്‍ വച്ചുകെട്ടിയ ശേഷം രാത്രിയില്‍ തേനെടുക്കാന്‍ മറ്റൊരാളും കൂടി പനയില്‍ കയറി എങ്കിലും പ്രകാശന്‍ പിടിവിട്ട് താഴെ വീഴുകയായിരുന്നു. പ്രകാശന് അപസ്മാരം ഉണ്ടായതാണ് വീഴാന്‍ കാരണമെന്ന് പറയുന്നു. കൂടെയുള്ളവര്‍ രണ്ടു പേരുംകൂടി രാത്രിയില്‍ തന്നെ പ്രകാശനെ ചുമന്ന് കാടിന് പുറത്ത് ഇറങ്ങാന്‍ കുറേദൂരം നടന്ന ശേഷം ഫോണ്‍ റെയ്ഞ്ച് ഉള്ളിടത്ത് വന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.കോട്ടഞ്ചേരിയില്‍ നിന്ന് ആളുകള്‍ 15 കിലോമീറ്ററോളം സഞ്ചരിച്ചാണ് പ്രകാശനെ രാവിലെ ഞായര്‍ എട്ടോടെ വനത്തിന് പുറത്ത് എത്തിച്ചത്. മൃതദേഹം പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നു കോട്ടഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: രമ്യ. മക്കള്‍: ശിവന്യ (രണ്ടാംക്ലാസ് വിദ്യാര്‍ഥിനി, കൊന്നക്കാട് ഗവ.എല്‍പി സ്‌കൂള്‍), ശിവ. കര്‍ണാടക കുടക് ജില്ലയില്‍ തണ്ണിമാനി വില്ലേജില്‍ തലക്കാവേരി കെന്‍മ്രാസി മൊട്ടെ ഊരിലെ പരേതനായ പുട്ടയുടെയും ലളിത പിലയിയുടെയും മകനാണ്. സഹോദരങ്ങള്‍: പ്രവീണ്‍, സവിത.
