മാതാവ് ഉപേക്ഷിച്ച് ഒറ്റപ്പെട്ട കുട്ടികള്‍ക്ക് കരുതലിന്റെ സ്‌നേഹ സ്പര്‍ശവുമായി ജനമൈത്രി പോലീസ്

നീലേശ്വരം :മാതാവ് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് വാടക ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റപ്പെടുകയും ജീവിതം തന്നെ ദുരിതത്തിലാവുകയും ചെയ്ത നാല് കുട്ടികളെ കരുതലിന്റെ സ്‌നേഹ സ്പര്‍ശവുമായി ചേര്‍ത്തു പിടിച്ചു നീലേശ്വരം ജനമൈത്രി പോലീസ്.കര്‍ണാടക മൈസൂര്‍ ഹുന്‍സൂര്‍ അര്‍ണാലി സ്വദേശിനിയും ചായ്യോത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമയ ശാന്ത ( 36) യെ ഇക്കഴിഞ്ഞ 19 മുതല്‍ ചായ്യോത്ത് നിന്നും കാണാതാവുകയായിരുന്നു.ഇത് സംബന്ധിച്ച് ബന്ധുക്കളുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയാണ്’
അന്വേഷണത്തിന്റെ ഭാഗമായി ചായ്യോത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് എത്തിയപ്പോഴാണ് ഭക്ഷണം പോലും കഴിക്കാന്‍ ഇല്ലാതെ ദുരിതത്തില്‍ ആയ കുട്ടികളുടെ ദയനീയത പോലീസിന് മനസ്സിലാവുന്നത്.മാതാവ് ശാന്ത പോയതോടെ കുട്ടികള്‍ തീര്‍ത്തും പട്ടിണിയിലാണ് കഴിഞ്ഞത്.അഞ്ചിലും ,ഏഴിലും പഠിക്കുന്നത് ഉള്‍പ്പെടെ നാല് കുട്ടികളാണ് ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞത്. കുട്ടികളുടെ പിതാവ് മുമ്പേ മരണപ്പെട്ടതാണ്.
കുട്ടികളുടെ ദയനീയത നേരില്‍ കണ്ട് മനസ്സ് ഒന്ന് പിടഞ്ഞ നീലേശ്വരം ജനമൈത്രി പോലീസ് കുട്ടികളെ ചേര്‍ത്തു നിര്‍ത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.അതിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ ജി ജിഷ്ണുവിന്റെ നേതൃത്വത്തില്‍ അപ്പോള്‍ തന്നെ കുട്ടികള്‍ക്ക് ഒരു മാസത്തേക്ക് വേണ്ടുന്ന ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സാധനങ്ങളും കോട്ടേഴ്‌സില്‍ എത്തിച്ചു നല്‍കുകയായിരുന്നു.ഒരു മാസത്തെ ക്വാട്ടേഴ്‌സ് വാടകയും നല്‍കാമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. എന്ത് സഹായത്തിനും കൂടെ പോലീസ് ഉണ്ടെന്ന ഉറപ്പും പോലീസിന്റെ ഫോണ്‍ നമ്പറും നല്‍കിയാണ് എസ് ഐ ജിഷ്ണുവും സംഘവും അവിടെ നിന്നും മടങ്ങിയത്.പോലീസിന്റെ കരുതലില്‍ വലിയ സന്തോഷമാണ് കുട്ടികള്‍ പ്രകടിപ്പിച്ചത്

 

error: Content is protected !!