കാഞ്ഞങ്ങാട് : തിരുവനന്തപുരത്തു നിന്നും കല്ലറ അജയനും തൊടുപുഴയില്‍ നിന്നും രാജന് ചിറപ്പുറത്തും എറണാകുളത്തു നിന്നും റോമി ബെന്നിയും കാഞ്ഞങ്ങാട് എത്തിയത്, മഹാകവി അക്കിത്തത്തിന്റെ ജന്മശതാബ്ദി സമാപന സമ്മേളനത്തില്‍ കാവ്യാര്‍ച്ചന നടത്താനായിരുന്നു. സപര്യയുടെ ആഭിമുഖ്യത്തിലുള്ള കാവ്യശതം പരിപാടിയില്‍ കവിത അവതരിപ്പിക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 110 കവികള്‍ പങ്കെടുത്തത് അക്ഷരാര്‍ത്ഥത്തില്‍ കാവ്യോല്സവമായി.
കാഞ്ഞങ്ങാട്ട് മിംടെക് ഇന്‍സ്റ്റിട്യൂട്ടില്‍ നടന്ന കാവ്യോത്സവം പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.മഹാകവി അക്കിത്തം മലയാള കവിതയുടെ വെളിച്ചമാണെന്നും അദ്ദേഹത്തിന്റെ കാവ്യപാരമ്പര്യം തന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടെന്നും അനുസ്മരണ ഭാഷണത്തില്‍ പറഞ്ഞു. അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിത എക്കാലത്തേയും കാവ്യേതിഹാസമാണെന്നും കൈതപ്രം അനുസ്മരിച്ചു. പോത്താംകണ്ടം ആനന്ദഭവനം സ്വാമി കൃഷ്ണാനന്ദ ഭാരതി ഭദ്രദീപം കൊളുത്തി. ചടങ്ങില്‍ സുകുമാരന്‍ പെരിയച്ചൂര്‍ അദ്ധ്യക്ഷത വഹിച്ചു. യുവകവി ജയകൃഷ്ണന് മാടമനയുടെ അശരീരി കവിതാസമാഹാരവും സപര്യയുടെ വിവേകാനന്ദ സപര്യ കവിതാ സമാഹാരവും പ്രകാശനം ചെയ്തു. ഇ.വി. ജയകൃഷ്ണന്, സി.പി. ചന്ദ്രന് , ഡോ: ആനന്ദകൃഷ്ണന് എടച്ചേരി, കുഞ്ഞപ്പന് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്നു നടന്ന കാവ്യശതം പരിപാടിയില്‍ സുറാബ്, മാധവന് പുറച്ചേരി, ബാലഗോപാലന് കാഞ്ഞങ്ങാട്, പ്രേമചന്ദ്രന് ചോമ്പാല,മലപ്പട്ടം ഗംഗാധരന്,കരിവെള്ളൂര്‍ നാരായണന്,ലേഖ കാദംബരി,സുനിമോള്‍ ബളാല്‍, സാവിത്രി വെള്ളിക്കോത്ത്, ശ്രീജിത്ത് ചീമേനി, രാജാമണി കുഞ്ഞി മംഗലം ,വരദന് മാടമന, നാരായണന് തലവില്‍ തുടങ്ങി 110 കവികള്‍ കവിത അവതരിപ്പിച്ചു. ദേശീയ ഗാനത്തോടെ പരിപാടി പര്യവസാനിച്ചു.
