കാഞ്ഞങ്ങാട്: അരിയും പൂവുമിട്ട് പന്തലില്‍ പൊന്നുവച്ച് അത്യുത്തര കേരളത്തില്‍ പൂരാഘോഷത്തിന് പ്രാരംഭമായി. പ്രതീകാത്മകമായി കാമപുനര്‍ജ്ജനിക്ക് വേണ്ടിയുള്ള ആരാധനയായ പൂരോത്സവത്തിന് മുന്നോടിയായാണ് പൂരക്കളിക്കുള്ള പുറപ്പന്തലില്‍ പൊന്നുവെക്കല്‍ നടന്നത്. മീനമാസത്തിലെ കാര്‍ത്തിക നാള്‍തൊട്ട് കാമദേവ ദഹനനാളായ പൂരംവരെ ക്ഷേത്രങ്ങളിലും ഭഗവതികാവുകളിലും നടക്കുന്ന പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരക്കളിക്ക് ഇതോടെ തുടക്കമായി. പൂരാഘോഷത്തിന്റെ വിളംബരംകൂടിയാണിത്. ഭക്തിയുടെ നിറവില്‍ പൂരവും പൂരക്കളിയും മറത്തുകളിയും അരങ്ങുണരുന്നത് മീനമാസാരംഭത്തോടെയാണ്. ഉത്തരമലബാറില്‍ മീനപ്പൂരം പൂക്കളുടെ പൂരമാണ്. കാമദേവന്റെ പുനര്‍ജനനവും ശിവപാര്‍വ്വതീ പരിണയവും നടന്ന ദിനമായും മീനമാസപൂരേത്സവത്തെ സങ്കല്‍പ്പിക്കുന്നു.പൂരപൊലിമയില്‍ പെണ്ണും വിഷുസംക്രമ പുലരിയില്‍ ആണും ആനന്ദരസത്തിലാറാടുമെന്നാണ് വാമൊഴി വഴക്കത്തിലൂടെ ഐതിഹ്യപ്പെടുന്നത്.
മീനമാസത്തിലെ കാര്‍ത്തിക നക്ഷത്രം തൊട്ട് പൂരം വരെ നടക്കുന്ന ഒന്‍പത് ദിനരാത്രങ്ങളിലാണ് പൂരത്തിന്റെ വേറിട്ട അനുഷ്ഠാന ചടങ്ങുകള്‍. കാമപ്രീതിക്കായി കന്യകമാര്‍ ഒത്തുകൂടി നടത്തുന്ന പൂജയും നിവേദ്യ കര്‍മ്മങ്ങളും പൂര്‍വ്വാചാരത്തിന്റെ തുടര്‍ച്ച തന്നെയാണ്. സവര്‍ണാവര്‍ണ ഭേദമില്ലാതെയാണ് മിക്ക ക്ഷേത്രങ്ങളിലെയും പൂരോത്സവ ചടങ്ങുകള്‍ നടക്കുന്നത്. കാഞ്ഞങ്ങാട് സൗത്ത് നിലാങ്കര കുതിരക്കാളി ഭഗവതി ക്ഷേത്രത്തിലും പ്രദേശത്തെ മറ്റ് ക്ഷേത്രങ്ങളിലും അരിയും തുമ്പപ്പൂവും നിരത്തി സ്വര്‍ണം വച്ച് ഈ വര്‍ഷത്തെ പൂരാഘോഷത്തിന്റെ ലക്ഷണം നോക്കി ഗുണദോഷങ്ങളെ തിരിച്ചറിയാനാണ് പൊന്നുവെക്കല്‍. ദേവി ദേവന്‍മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയാനുള്ള ജനപഥത്തിന്റെ കൂട്ടായ്മ കൂടിയാണിത്. നിലാങ്കര ക്ഷേത്രത്തില്‍ നടന്ന പന്തലില്‍ പൊന്നുവെക്കല്‍ ചടങ്ങില്‍ ക്ഷേത്രം അന്തിത്തിരിയനാണ് പൊന്നുവച്ചത്. അതിനുമുമ്പായി ക്ഷേത്ര പൂരക്കളി പണിക്കര്‍ സുകുമാരന്‍ പണിക്കര്‍ നിലാങ്കര ഏഴു പടികളുള്ള ദൈവത്തറയില്‍ അരിയും തുമ്പപൂവുമിട്ടു. പൊന്നുവച്ചത് നോക്കി പണിക്കര്‍ ഗുണദോഷങ്ങളെ തിരിച്ചറിഞ്ഞ് ലക്ഷണ ശ്ലോകം ചൊല്ലി. ലക്ഷണം പറഞ്ഞ് പൂരമാല മൂളി ചുവടുകള്‍ വച്ച് പുറത്തെ പന്തലിലെ കളിക്ക് തുടക്കമിട്ടു. ക്ഷേത്ര കോയ്മയും അന്തിത്തിരിയനും കുടക്കാരന്‍മാരും കൂട്ടുവായിക്കാരും ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. എത്രയാണോ പൂരം അതിനനുസരിച്ചാണ് ദെവത്തറയില്‍ പടികള്‍ നിര്‍മ്മിക്കുന്നത്. വടക്കന്‍ പ്രദേശത്തെ താനങ്ങളില്‍ അഞ്ച് പൂവുണ്ടെങ്കിലും ഏഴ് പടികള്‍ ഉണ്ടാവും. അത് കീഴ് വഴക്കമാണ്. പൂരോത്സവത്തിന് ഏഴ് പൂക്കള്‍ അപൂര്‍വ്വമാണ്. പുറത്തെ പന്തലിന്റെ ഏഴ് തൂണുകളിലും പൊന്നു വെക്കുന്നതിന് മുമ്പ് തൂമ്പപ്പൂവിടും. ഒമ്പത് തൂണുകളാണ് പന്തലിന്. അഷ്ടദിക് പാലകര്‍ക്കും മധ്യഖണ്ഠം ദേവിക്കും. ദേവിക്ക് നിവേദ്യമായാണ് മധ്യഖണ്ഠത്തില്‍ പൂക്കളര്‍പ്പിക്കുന്നത്. പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ദേവിയുടെ ശക്തി സ്രോതസ്സ് തന്നെയാണ് മധ്യഖണ്ഠം എന്നാണ് സങ്കല്പം. 27 ന് രാവിലെ കക്കാട്ട് ഇല്ലത്ത് നിന്ന് ദീപം തിരിയും കൊണ്ടുവരല്‍ ചടങ്ങും പ്രധാനമാണ്. ദീപവും തിരിയും കൊണ്ടുവരുന്നതോടെ നിലാങ്കര ക്ഷേത്രത്തിലെ പൂരോത്സവത്തിന് തുടക്കമാവും. വൈകുന്നേരം പൂരക്കാഴ്ച നടക്കും. മറുത്തു കളിയും നടക്കും. തുടര്‍ന്ന് എഴുന്നള്ളത്ത്.31 ന് പൂരംകുളിയും വിശേഷാല്‍ പൂജകളും നടക്കും. രാത്രി ക്ഷേത്രത്തില്‍ കാവിനകത്തേക്ക് എഴുന്നള്ളത്തോടുകൂടി പുറപ്പെട്ട് ആണ്ടുംപള്ളും പാടി പൂരം കുളിച്ച് ക്ഷേത്രത്തിലേക്കുള്ള തിരിച്ചുവരവോടുകൂടി പൂരോത്സവത്തിന് സമാപനമാവും.
