നീലേശ്വരം: റെയില്‍വേ പുതുതായി അനുവദിച്ച ട്രെയിനുകളുടെ സ്റ്റോപ്പുമായി ബന്ധപ്പെട്ട് നീലേശ്വരത്ത് അവകാശവാദങ്ങളും പ്രതിഷേധങ്ങളും ഒരുപോലെ കനക്കുന്നു. പുതുതായി ആരംഭിച്ച അമൃത് ഭാരത് എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചതിന്റെ ക്രെഡിറ്റിനായി രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും മത്സരിക്കുമ്പോള്‍, സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്പെടേണ്ട അന്ത്യോദയ എക്സ്പ്രസിന് സ്റ്റോപ്പില്ലാത്തത് യാത്രക്കാരെ നിരാശരാക്കുന്നു.
അമൃത് ഭാരത് എക്സ്പ്രസിന് നീലേശ്വരം, പയ്യന്നൂര്‍, കാഞ്ഞങ്ങാട് സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചത് തന്റെ ഇടപെടല്‍ മൂലമാണെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി അവകാശപ്പെടുമ്പോള്‍, റെയില്‍വേ ബോര്‍ഡിന് നല്കിയ കത്തുകളും നിരന്തരമായ നിവേദനങ്ങളും ചൂണ്ടിക്കാട്ടി കാസര്‍ഗോഡ് എം.പി രാജ്മോഹന്‍ ഉണ്ണിത്താനും രംഗത്തുണ്ട്. പുതിയ ട്രെയിനിന് സ്വീകരണം നല്കി നഗരസഭാധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലും സ്റ്റോപ്പിന് വേണ്ടി നടത്തിയ ഇടപെടലുകള്‍ എടുത്തുപറയുന്നു. വിവിധ സംഘടനകളും വ്യക്തികളും തങ്ങളാണ് സ്റ്റോപ്പിന്റെ യഥാര്‍ത്ഥ അവകാശികള്‍ എന്ന വാദവുമായി സോഷ്യല്‍ മീഡിയയിലടക്കം സജീവമാണ്.
അമൃത് ഭാരതിന് സ്റ്റോപ്പ് ലഭിച്ചതില്‍ ആഹ്ലാദിക്കുമ്പോഴും, തിരുവനന്തപുരം മംഗളൂരു അന്ത്യോദയ എക്സ്പ്രസ് (16313/16314) നീലേശ്വരത്തെ കൈവിട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും റിസര്‍വേഷന്‍ ഇല്ലാത്ത ജനറല്‍ കോച്ചുകളുള്ള അന്ത്യോദയ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ വലിയ ആശ്വാസമാണ്. ഇതിന് സ്റ്റോപ്പില്ലാത്തതിനാല്‍ നീലേശ്വരത്തുകാര്‍ കിലോമീറ്ററുകള്‍ താണ്ടി കാഞ്ഞങ്ങാടോ പയ്യന്നൂരിലോ പോകേണ്ട ഗതികേടിലാണുള്ളത്.
ജില്ലയിലെ പ്രധാന വിദ്യാഭ്യാസവാണിജ്യ കേന്ദ്രമായിട്ടും നീലേശ്വരത്തോടുള്ള റെയില്‍വേയുടെ അവഗണന തുടരുകയാണെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. ഇത് പ്രദേശത്തിന്റെ വികസന സാധ്യതകളെ തടയുന്നതാണെന്നും ആക്ഷേപമുണ്ട്. പുതിയ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ലഭിക്കുമ്പോള്‍ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ നിരവധി പേര് രംഗത്തെത്തുന്നുണ്ടെങ്കിലും, വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന മെയില്‍ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കാന്‍ ഇനി ആരാണ് കനിയേണ്ടത് എന്ന ചോദ്യമാണ് യാത്രക്കാര്‍ ഉയര്‍ത്തുന്നത്. റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷനും വിവിധ രാഷ്ട്രീയ സംഘടനകളും അന്ത്യോദയക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
