ഒന്നാം സ്ഥാനങ്ങള്‍ വാരിക്കൂട്ടി മാഷിന്റെ കുട്ടികള്‍: പാര്‍വതിയും നിവേദ്യയും തിളങ്ങി
പെരിയ: ഒന്നാം സ്ഥാനങ്ങള്‍ തൂക്കിയെടുത്ത് മാഷിന്റെ കുട്ടികള്‍ വീണ്ടും തിളങ്ങി. ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നീലേശ്വരം രതീഷ് കല്യാണിയുടെ ശിഷ്യകളായ ഇ.വി. പാര്‍വതിയും പി. നിവേദ്യയുമാണ് സംഗീത വേദിയില്‍ താരമായത്. കഴിഞ്ഞ പത്ത് വര്‍ഷമായി രതീഷ് കല്യാണിയുടെ കീഴില്‍ സംഗീതം അഭ്യസിച്ചുവരികയാണ് ഇരുവരും.
രാജാസ് സ്‌കൂള്‍ നീലേശ്വരത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഇ.വി. പാര്‍വതി ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, അഷ്ടപദി എന്നീ മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി.തളിയില്‍ ക്ഷേത്രത്തിന് സമീപത്തെ മാസ് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ പൂവലംകൈ സ്വദേശി സി. പ്രഭാകരന്റെയും ഇ.വി. വിലാസിനിയുടെയും മകളാണ് പാര്‍വതി.
സി.കെ.എന്‍.എസ്. പിലിക്കോട് എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പി. നിവേദ്യ ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, സംസ്‌കൃത പാരായണം, ദേശഭക്തിഗാനം എന്നിവയില്‍ ഒന്നാം സ്ഥാനം നേടി. നാടന്‍പാട്ടില്‍ രണ്ടാം സ്ഥാനവും നേടി.നീലേശ്വരം കുഞ്ഞിലം കീഴിലെ റിട്ട. എസ്.ബി.ഐ. ഉദ്യോഗസ്ഥന്‍ ഇ.പി. സുരേഷ് കുമാറിന്റെയും പി. പ്രസന്നകുമാരിയുടെയും മകളാണ് നിവേദ്യ. പത്ത് വര്‍ഷത്തെ കഠിന പരിശീലനത്തിന്റെ ഫലമാണ് ഇരുവരുടെയും ഈ വിജയമെന്ന് ഗുരു രതീഷ് കല്യാണി പറഞ്ഞു.

