മിമിക്രി കുടുംബം
പെരിയ: മിമിക്രി കലാരംഗത്ത് അഭിമാന നേട്ടവുമായി മല്ലം സ്വദേശിനി സരിതയും മക്കളും. ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണിയിലെ വിദ്യാര്‍ത്ഥിനി ശിവാനി മിമിക്രി മത്സരത്തില്‍ മൂന്നാം തവണയും ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി.മിമിക്രി ആര്‍ട്ടിസ്റ്റും പരിശീലകയുമായ അമ്മ സരിത തന്നെയാണ് മക്കള്‍ക്ക് മിമിക്രിയില്‍ പരിശീലനം നല്‍കുന്നത്. സരിതയുടെ മറ്റൊരു മകള്‍ വര്‍ഷ മൂന്ന് തവണ സംസ്ഥാനതലത്തില്‍ വിജയിയായിട്ടുണ്ട്. ഇളയ മകള്‍ നയോമിക ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ മിമിക്രി പരിശീലനം ആരംഭിച്ചിട്ടുണ്ട്. പ്രാണ ആര്‍ട്‌സ് അക്കാദമിയിലൂടെ നിരവധി കുട്ടികള്‍ക്ക് മിമിക്രി പരിശീലനം നല്‍കിവരികയാണ് സരിത. സ്വന്തം മക്കളെ മിമിക്രി കലയില്‍ വളര്‍ത്തുന്നതിനൊപ്പം മറ്റ് കുട്ടികളെയും പരിശീലിപ്പിച്ച് കലാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് സരിത. മക്കളുടെ കലാരംഗത്തെ നേട്ടങ്ങള്‍ തനിക്ക് ഏറെ അഭിമാനകരമാണെന്ന് സരിത പറഞ്ഞു.

