ലോകായുക്ത വിധിയിലൂടെ വേദിയിലെത്തി; ഓട്ടംതുള്ളലില്‍ തന്മയയ്ക്ക് ഒന്നാം സ്ഥാനം
പെരിയ: ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ജില്ലാ കലോത്സവത്തില്‍ മത്സരിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട തന്മയ അശോക്, ലോകായുക്ത വിധിയിലൂടെ വേദിയിലെത്തി ഓട്ടംതുള്ളലില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഓട്ടംതുള്ളലിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. മടിക്കൈ കുഞ്ഞിക്കണ്ണന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് തന്മയ. ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ജില്ലാതലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കളുടെ സഹായത്തോടെ ലോകായുക്തയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ അനുകൂല വിധി നേടിയാണ് തന്മയ ജില്ലാ കലോത്സവത്തില്‍ മത്സരിച്ചത്. വെള്ളിക്കോത്തെ അശോകന്റെയും അനിതയുടെയും മകളായ തന്മയ ഏഴ് വര്‍ഷമായി കരിവെള്ളൂരിലെ രത്‌നകുമാറിന്റെ കീഴില്‍ ഓട്ടംതുള്ളല്‍ പരിശീലിക്കുകയാണ്.

