local news

ആറ് വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവും 30 വര്‍ഷം കഠിന തടവും

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 30 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ചു. കര്‍ണാടക ധാര്‍വാഡ് കുണ്ട്‌ഗോള്‍ താലൂക്ക് മല്ലാലി വില്ലേജ് സ്വദേശി കല്‍മേഷ് (46) എന്ന ചോട്ടപ്പനവര്‍ കല്ലപ്പയെയാണ് ശിക്ഷിച്ചത്. 2025 ആഗസ്റ്റ് 4ന് രാവിലെയും ആഗസ്റ്റ് 13ന് വൈകിട്ട് കൊടക്കാട് ഗ്രാമത്തില്‍ പ്രതിയുടെ വീട്ടില്‍ വെച്ച് ആറ് വയസുള്ള പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് കേസ്. ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് പി.എം. സുരേഷാണ് ശിക്ഷ വിധിച്ചത്. പോക്‌സോ ആക്ട് പ്രകാരം 30 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 6 വര്‍ഷം അധിക തടവും വിധിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം ജീവപര്യന്തം തടവും 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 1 മാസം അധിക തടവും വിധിച്ചു. കൂടാതെ 20,000 രൂപ കൂടി പിഴയായി വിധിച്ചിട്ടുണ്ട്. മൊത്തം പിഴ 60,000 രൂപയാണ്. പിഴ അടച്ചില്ലെങ്കില്‍ ആകെ 7 മാസം അധിക തടവ് അനുഭവിക്കണം.
ചീമേനി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യ അന്വേഷണം നടത്തിയത് ഇന്‍സ്‌പെക്ടര്‍ ടി.കെ. മുകുന്ദനാണ്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് എസ്.എം.എസ്. ഡി.വൈ.എസ്.പി. വര്‍ഗീസ് അലക്‌സാണ്ടറാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

 

error: Content is protected !!