ജില്ലാ യുവജനോത്സവം വിജിലന്‍സിന്റെ കര്‍ശന നിരീക്ഷണത്തില്‍
പെരിയ: ജില്ലാ യുവജനോത്സവത്തിലെ മത്സരങ്ങള്‍ വിജിലന്‍സിന്റെ കര്‍ശന നിരീക്ഷണത്തില്‍. വിജിലന്‍സ് ഡി.വൈ.എസ്.പി. വിശ്വംഭരന് നായരുടെ നേതൃത്വത്തില്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് മത്സരങ്ങളും വിധിനിര്‍ണയ നടപടികളും നിരീക്ഷിക്കുന്നത്. വിധികര്‍ത്താക്കള്‍, വിധിനിര്‍ണയത്തിലെ അസ്വാഭാവികതകള്‍, ഫലങ്ങളിലെ അസാധാരണമായ വ്യതിയാനങ്ങള്‍, അപ്പീലുകള്‍, മുന്‍കാലങ്ങളില്‍ ആരോപണവിധേയരായ വിധികര്‍ത്താക്കള്‍, സ്ഥിരമായി വിവിധ മത്സരങ്ങളില്‍ വിധികര്‍ത്താക്കളായി എത്തുന്നവര്‍ എന്നിവരെല്ലാം വിജിലന്‍സിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. മത്സരവേദികളിലെ നടപടിക്രമങ്ങള്‍ മുതല്‍ വിധിനിര്‍ണയത്തിലെ സുതാര്യത വരെ സ്ക്വാഡുകള്‍ നിരീക്ഷിക്കും. ഏതെങ്കിലും തരത്തിലുള്ള സ്വാധീനമോ ഇടപെടലോ ക്രമക്കേടുകളോ നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. പ്രതിഭകള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും വിധിനിര്‍ണയത്തിലെ സുതാര്യത നിലനിര്‍ത്തുകയും ചെയ്യുകയാണ് നിരീക്ഷണത്തിന്റെ ലക്ഷ്യം.

