local news

ഒറ്റരാത്രി കൊണ്ട് 250 വാഴകള്‍ നിലംപൊത്തി; മാതൃകാ കര്‍ഷകന് ലക്ഷത്തിന്റെ നഷ്ടം

വേലാശ്വരം: ബുധനാഴ്ച വീശിയ ശക്തമായ കാറ്റിലും മഴയിലും മാക്കിയിലെ മാതൃകാ കര്‍ഷകന്‍ കെ.വി. രാഘവന്റെ 250 ഓളം കുലച്ച വാഴകള്‍ നിലംപൊത്തി. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ആറുമാസത്തോളമായി രാഘവന്‍ പരിപാലിച്ചു വരുന്ന വാഴ തൈകളാണ് ഒറ്റരാത്രി കൊണ്ട് നഷ്ടപ്പെട്ടത്.
വേലാശ്വരത്തെ കൈയ്യില്‍ വീട്ടില്‍ രാജീവന്‍ തട്ടുമലിന്റെ രണ്ടര ഏക്കര്‍ സ്ഥലത്ത് രാജീവന്‍ സ്വമനസ്സാലെ വിട്ടുകൊടുത്ത ഒരു ഏക്കര്‍ സ്ഥലത്താണ് കെ.വി. രാഘവന്‍ വാഴകൃഷി ചെയ്യുന്നത്. തമിഴ്‌നാട് ഇനമായ മഞ്ചേരി കുള്ളന്റെ 600 വാഴ തൈകള്‍ 25 രൂപ നിരക്കില്‍ വാങ്ങിയാണ് രാഘവന്‍ കൃഷി ചെയ്തത്. ഇതില്‍ 250 വാഴകളാണ് ഇപ്പോള്‍ നിലംപൊത്തിയിരിക്കുന്നത്. ബുധനാഴ്ച നല്ല മഴ പെയ്തിരുന്നതിനാല്‍ വാഴയ്ക്ക് ജലം നല്‍കേണ്ടതില്ലാത്തതിനാല്‍ രാഘവന്‍ തൊട്ടടുത്ത ദിവസം കൃഷിസ്ഥലത്ത് പോയിരുന്നില്ല. ഒരു ദിവസം ഇടവിട്ട് വെള്ളിയാഴ്ച എത്തിയപ്പോഴാണ് ദാരുണമായ അവസ്ഥ കണ്ടത്. അജാനൂര്‍ കൃഷി ഓഫീസര്‍ സന്തോഷ് ചാലില്‍ കൃഷിസ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. സ്ഥലം എം.എല്‍.എ. ഗോവിന്ദന്‍ പള്ളിക്കാപ്പിലും പഞ്ചായത്ത് അംഗങ്ങളായ കെ.വി. സുകുമാരനും എ. തമ്പാനും രാഘവന്റെ കൃഷിസ്ഥലം സന്ദര്‍ശിച്ചു. അജാനൂര്‍ പഞ്ചായത്തിന്റെ മികച്ച കര്‍ഷകനായി നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ട രാഘവന്‍ ജില്ലയിലെ മികച്ച കര്‍ഷകനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കക്കിരി, വെള്ളരി, വെണ്ട, പയര്‍, മധുരക്കിഴങ്ങ് തുടങ്ങിയ പച്ചക്കറി ഇനങ്ങളും നെല്ല്, തെങ്ങ് എന്നിവയും രാഘവന്‍ വര്‍ഷങ്ങളായി കൃഷി ചെയ്തുവരുന്നു.

 

error: Content is protected !!