local news

കുഴഞ്ഞുവീഴലുകള്‍ക്ക് മുന്നില്‍ പതറരുത്; ഫിറ്റ് 24 ജിം അംഗങ്ങള്‍ക്ക് ജീവന്‍രക്ഷാ പരിശീലനവുമായി സണ്‍റൈസ് ഹോസ്പിറ്റല്‍

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര പുരുഷദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് സണ്‍റൈസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ഫിറ്റ് 24 ജിം അംഗങ്ങള്‍ക്കായി ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബി.എല്‍.എസ്) അവബോധ-പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടയിലോ മറ്റേതെങ്കിലും പൊതുസ്ഥലങ്ങളിലോ ഒരാള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്ന സാഹചര്യമുണ്ടായാല്‍ പരിഭ്രാന്തരാകാതെ അടിയന്തരമായി ചെയ്യേണ്ട പ്രഥമശുശ്രൂഷകളെക്കുറിച്ചും, നിര്‍ണായക സമയത്ത് നല്‍കുന്ന സി.പി.ആറിന്റെ ജീവന്‍രക്ഷാ പ്രാധാന്യത്തെക്കുറിച്ചും ക്ലാസില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സണ്‍റൈസ് ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. സോണിമോള്‍ കെ. ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് ജിമ്മില്‍ പോകുന്നവരുടെ ആരോഗ്യസുരക്ഷ ലക്ഷ്യമിട്ട് സണ്‍റൈസ് ഹോസ്പിറ്റല്‍ രൂപകല്‍പ്പന ചെയ്ത പ്രത്യേക ഹെല്‍ത്ത് ചെക്കപ്പ് പാക്കേജിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ഡോ. ഷൈബക് പരിശീലന ക്ലാസിന് നേതൃത്വം നല്‍കി. അടിയന്തര ഘട്ടങ്ങളില്‍ എങ്ങനെ കൃത്യമായി സി.പി.ആര്‍ നല്‍കാമെന്നും രോഗിയെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സണ്‍റൈസ് ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി കണക്ട് മാനേജര്‍ ബിജേഷ്, ആശുപത്രിയിലെ മെഡിക്കല്‍ ടീം അംഗങ്ങള്‍, മറ്റ് സ്റ്റാഫ് അംഗങ്ങള്‍, ജിം പരിശീലകര്‍, അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സജീവമായി പങ്കെടുത്തു.

 

error: Content is protected !!