local news

കരിന്തളം പാലിയേറ്റീവ് സൊസൈറ്റിക്ക് 20 വയസ്സ്; വാര്‍ഷികാഘോഷം 21ന്

നീലേശ്വരം: കാസര്‍ഗോഡ് ജില്ലയില്‍ സാമൂഹിക പിന്തുണയോടെ സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ച ആദ്യ യൂണിറ്റായ കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഇരുപതാം വാര്‍ഷികാഘോഷം നവംബര്‍ 21ന് വിവിധ പരിപാടികളോടെ നടക്കും. വളണ്ടിയര്‍ പരിശീലനം, രോഗി പരിചാരക സംഗമം, രോഗി ബന്ധു സംഗമം, ഫിസിയോതെറാപ്പി വാര്‍ഷികം തുടങ്ങിയ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം 21 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് എംഎല്‍എ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ നിര്‍വഹിക്കും. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍ മുഖ്യാതിഥിയാകും. 2007 മുതല്‍ കരിന്തളം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കില്‍ ക്യാന്‍സര്‍ രോഗികളെ ചികിത്സിക്കുന്ന കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയിലെ ഓങ്കോളജിസ്റ്റും സാന്ത്വന പരിചരണ വിദഗ്ധനുമായ ഡോ. ബൈജുമോന്‍ ബാലന്‍, ബിസിനസ് മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ് നേടിയ കെ.സി.സി.പി.എല്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ആനക്കൈ ബാലകൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് ഓട്ടന്‍തുള്ളല്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികളും അരങ്ങേറും.

2006ല്‍ സ്ഥാപിതമായ സൊസൈറ്റി രണ്ട് പതിറ്റാണ്ടിനിടെ നിരവധി രോഗികള്‍ക്ക് ആശ്വാസമേകി. ക്യാന്‍സര്‍, പക്ഷാഘാതം, വൃക്കരോഗം, അല്‍ഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ കിടപ്പിലായവര്‍ക്കും അപകടങ്ങളില്‍ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സംഘടനയുടെ സേവനം ലഭ്യമാക്കുന്നുണ്ട്.

രോഗികള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, ആശുപത്രി കിടക്ക, വീല്‍ചെയര്‍, വാക്കര്‍, എയര്‍ ബെഡ് തുടങ്ങിയ ഉപകരണങ്ങളും ആവശ്യാനുസരണം നല്‍കുന്നു. നിര്‍ധന രോഗികള്‍ക്ക് ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ക്യാന്‍സര്‍ രോഗികള്‍ക്കായി എല്ലാ മാസവും കോയിത്തട്ടയിലെ പാലിയേറ്റീവ് ക്ലിനിക്കില്‍ ഡോ. ബൈജുമോന്‍ ബാലന്റെ നേതൃത്വത്തില്‍ പരിശോധനയും മരുന്നുവിതരണവും നടത്തിവരുന്നു. സര്‍ക്കാര്‍ സംവിധാനത്തിന് പുറമേ ക്യാന്‍സര്‍ രോഗികള്‍ക്ക് വേദനസംഹാരിയായ മോര്‍ഫിന്‍ ലഭ്യമാക്കുന്ന ജില്ലയിലെ ഏക സൊസൈറ്റിയും കരിന്തളം പാലിയേറ്റീവ് കെയറാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സൊസൈറ്റിയുടെ പ്രധാന പ്രവര്‍ത്തനമായ ഗൃഹപരിചരണവും കാര്യക്ഷമമായി നടന്നുവരുന്നു. കിടപ്പുരോഗികളുടെ വീടുകളിലെത്തി മുറിവുകള്‍ പരിചരിക്കുക, മരുന്നുവെച്ചുകെട്ടുക, മൂത്രക്കുഴലുകള്‍ മാറ്റുക തുടങ്ങിയ സേവനങ്ങള്‍ ഇതിന്റെ ഭാഗമായി നല്‍കുന്നുണ്ട്.

എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡില്‍നിന്ന് 1.68 കോടി രൂപ ചെലവില്‍ സൊസൈറ്റിക്ക് കെട്ടിടം ലഭ്യമാക്കുന്നതിന് മുന്‍ എം.പി. പി. കരുണാകരന്‍ മുന്‍കൈയെടുത്തിരുന്നു. 2024ല്‍ പ്രവാസി ജീവകാരുണ്യ കൂട്ടായ്മയായ സാന്ത്വനം കുവൈറ്റുമായി ചേര്‍ന്ന് കരിന്തളത്ത് ഫിസിയോതെറാപ്പി സെന്ററും ആരംഭിച്ചു.
പ്രസിഡന്റ് കെ.പി. നാരായണന്‍, ഡയറക്ടര്‍മാരായ വരയില്‍ രാജന്‍, സി. ഗംഗാധരന്‍, സി ജെ സിജോ, സെക്രട്ടറി എന്‍ കെ നളിനാക്ഷന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

error: Content is protected !!