local news

അമേരിക്കയില്‍ അന്താരാഷ്ട്ര മനഃശാസ്ത്ര പുരസ്‌കാരം ഏറ്റുവാങ്ങി മലയാളി സൈക്കോളജിസ്റ്റ് സുമേഷ് സുകുമാരന്‍; എ.ബി.സി.ടി.യുടെ 2026-ലെ മേരി ജെയ്ന്‍ ഐമര്‍ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് പുരസ്‌കാരമാണ് ലഭിച്ചത്

കാഞ്ഞങ്ങാട്: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര മനഃശാസ്ത്ര സംഘടനയായ അസോസിയേഷന്‍ ഫോര്‍ ബിഹേവിയറല്‍ ആന്‍ഡ് കോഗ്‌നിറ്റീവ് തെറാപ്പീസിന്റെ (എ.ബി.സി.ടി. – പെരുമാറ്റ, ചിന്താധിഷ്ഠിത ചികിത്സകള്‍ക്കായുള്ള സംഘടന) 2026-ലെ മേരി ജെയ്ന്‍ ഐമര്‍ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് പുരസ്‌കാരം കാഞ്ഞങ്ങാട് സ്വദേശിയായ സൈക്കോളജിസ്റ്റും മനഃശാസ്ത്ര ഗവേഷകനുമായ സുമേഷ് സുകുമാരന്‍ ഏറ്റുവാങ്ങി. അമേരിക്കയിലെ മേരിലാന്‍ഡ് സംസ്ഥാനത്തെ ബാള്‍ട്ടിമോറില്‍ നടക്കുന്ന എ.ബി.സി.ടി.യുടെ അറുപതാമത് വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് ഹില്‍ട്ടണ്‍ ബാള്‍ട്ടിമോര്‍ ഇന്നര്‍ ഹാര്‍ബറില്‍ സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങില്‍ സംഘടനയുടെ പ്രസിഡന്റ് ഡോ. കരോലിന്‍ ബെക്കറില്‍നിന്നാണ് സുമേഷ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. മനഃശാസ്ത്ര ഗവേഷണരംഗത്തെ വിദ്യാര്‍ഥികളുടെ അക്കാദമിക വളര്‍ച്ചയും അന്താരാഷ്ട്ര ഗവേഷണ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയതാണ് മേരി ജെയ്ന്‍ ഐമര്‍ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ്. എ.ബി.സി.ടി.യുടെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ മേരി ജെയ്ന്‍ ഐമറുടെ 45 വര്‍ഷത്തെ സേവനത്തെയും വിദ്യാര്‍ഥി ഗവേഷകരോടുള്ള പ്രതിബദ്ധതയെയും ആദരിച്ചാണ് അവരുടെ പേരില്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്. 2026-ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാര്‍ഥി ഗവേഷകരില്‍ ഒരാളാണ് സുമേഷ്. സമ്മേളന രജിസ്‌ട്രേഷന്‍ ഫീസില്‍ പൂര്‍ണ ഇളവും യാത്രാച്ചെലവുകള്‍ക്കുള്ള സാമ്പത്തികസഹായവും പുരസ്‌കാരത്തിന്റെ ഭാഗമായി ലഭിച്ചു. നവംബര്‍ 12 മുതല്‍ 15 വരെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സുമേഷിന്റെ ഗവേഷണപ്രബന്ധവും അവതരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോളേജ് വിദ്യാര്‍ഥികളുടെ ദൈനംദിന പെരുമാറ്റരീതികള്‍, ചിന്താപ്രക്രിയകള്‍, കരിയര്‍ തീരുമാനങ്ങള്‍, ജീവിതസംതൃപ്തി എന്നിവയില്‍ മനഃശാസ്ത്രാധിഷ്ഠിത കരിയര്‍ കൗണ്‍സലിങ് ഇടപെടലുകള്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനമാണ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള കൃഷ്ണ മോഹന്‍ സര്‍വകലാശാലയില്‍ മനഃശാസ്ത്രത്തില്‍ പി.എച്ച്.ഡി. അവസാനവര്‍ഷ ഗവേഷകനായ സുമേഷ് ഒമ്പത് വര്‍ഷമായി മനഃശാസ്ത്ര കണ്‍സള്‍ട്ടേഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. നേരത്തെ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടന്ന അസോസിയേഷന്‍ ഫോര്‍ സൈക്കോളജിക്കല്‍ സയന്‍സിന്റെ (എ.പി.എസ്.) അന്താരാഷ്ട്ര സമ്മേളനത്തിലും ഗവേഷണപ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.

 

error: Content is protected !!