local news

ഏഴോം തറവാട് ശ്രീ വയനാട്ടു കുലവന്‍ തെയ്യം കെട്ട് മഹോത്സവം : ഞാറ് നടീല്‍ ഉത്സവം നടന്നു

രാവണീശ്വരം: പഴയകാല കാര്‍ഷിക സമൃദ്ധിയുടെ പെരുമ വിളിച്ചോതുന്ന തരത്തില്‍ നാട്ടിപ്പാട്ടിന്റെ പശ്ചാത്തലത്തില്‍ രാവണീശ്വരം കല്ലുവരമ്പത്ത് പാടശേഖരത്തിലെ വിശാലമായ മൂന്ന് ഏക്കര്‍ വയലില്‍ ഞാറ് നടീല്‍ ഉത്സവം നടന്നു.2027 മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 1 വരെയുള്ള തിയ്യതികളില്‍ രാവണീശ്വരം കളരിക്കാല്‍ ശ്രീ മുളവന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ താനത്തിങ്കാല്‍ പുളിയക്കാട്ട് പ്രാദേശിക സമിതിയില്‍പ്പെടുന്ന ഏഴോം തറവാട് തെയ്യംകെട്ട് മഹോത്സവത്തിന് മുന്നോടിയായാണ് ഞാറ് നടീല്‍ ഉത്സവം നടന്നത്. തെയ്യം കെട്ടിന്റെ ഭാഗമായുള്ള കൂവ്വം അളക്കുന്നതിനുള്ള നെല്ല് ഉല്പാദിപ്പിക്കുന്നതിന് വേണ്ടിയാണ് നടീല്‍ ഉത്സവം സംഘടിപ്പിച്ചത്. രാവിലെ ആചാര സ്ഥാനികരുടെയും, ദേവസ്ഥാന ഭാരവാഹികളുടെയും തറവാട് അംഗങ്ങളുടെയും ആഘോഷ കമ്മിറ്റി ഭാരവാഹികളുടെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ ദേവസ്ഥാനത്തെ കൂട്ടപ്രാര്‍ത്ഥനയ്ക്ക് ശേഷം ഞാറ് നടുന്നതിനായി കല്ലുവരമ്പത്ത് പാട ശേഖരത്തെ വയലിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് കളരിക്കാല്‍ ദേവസ്ഥാന ആചാര സ്ഥാനികരുടെ മഹനീയ സാന്നിധ്യത്തില്‍ നടീല്‍ ഉത്സവം അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി വയലില്‍ ഞാറു നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു.ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ തമ്പാന്‍ മക്കാക്കോട്ട് അദ്ധ്യക്ഷത വഹിച്ചു .അജാനൂര്‍ കൃഷി ഓഫീസര്‍ സന്തോഷ് കുമാര്‍ ചാലില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.കളരിക്കാല്‍ ശ്രീ മുളവനൂര്‍ ഭഗവതീ ക്ഷേത്രം സ്ഥാനീകര്‍, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ. ടി.സുജീഷ്,സെക്രട്ടറി പ്രമോദ് ചിറക്കാല്‍ , ആഘോഷ കമ്മിറ്റി വര്‍ക്കിങ്ങ് ചെയര്‍മാന്‍മാരായ കെ.രാജേന്ദ്രന്‍, എന്‍. അശോകന്‍ നമ്പ്യാര്‍ , ശശി ചിറക്കാല്‍, ജനപ്രതിനിധികളായ ദീപാ വിനോദന്‍ , സുധാ അശോകന്‍ , ദീപാ പ്രവീണ്‍ , ആഘോഷ കമ്മിറ്റി ട്രഷറര്‍ നാരായണന്‍ നാലില്‍ , മാതൃസമിതി ചെയര്‍ പേഴ്സണ്‍ ഗീതഅപ്പക്കുഞ്ഞി , സെക്രട്ടറി ഉഷ രവീന്ദ്രന്‍, പ്രാദേശീക കമ്മിറ്റി സെക്രട്ടറി ദിനേശന്‍ താനത്തിങ്കാല്‍ , ഏഴോം തറവാട് പ്രസിഡണ്ട് ഉദയന്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.ബാലന്‍ സ്വാഗതം പറഞ്ഞു. കോതോളങ്കര ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്ര ഭാരവാഹികള്‍,ആഘോഷകമ്മിറ്റി,മാതൃസമിതി അംഗങ്ങള്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ , വിവിധ സബ്ബ് കമ്മിറ്റിഅംഗങ്ങള്‍ തുടങ്ങി നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു.പുതു തലമുറക്ക് നടീല്‍ ഉത്സവം പുതിയ അനുഭവമായി മാറി.
രാവണീശ്വരം കല്ലുവരമ്പത്ത് പാട ശേഖരത്തിലെ വിശാലമായ മൂന്ന് ഏക്കര്‍ പാടത്താണ് നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത്. വെള്ളരീയന്‍ നെല്‍വിത്തിനമാണ് കൃഷിക്കായി ഉപയോഗിച്ചിരിക്കു ന്നത്. രാവണീശ്വരം കളരിക്കാല്‍ ശ്രീ മുളവന്നൂര്‍ ഭഗവതി ക്ഷേത്ര കമ്മിറ്റി, പ്രാദേശിക കമ്മിറ്റി,തറവാട്ട് കമ്മിറ്റി, മാതൃസമിതി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തറവാട്ട് അംഗങ്ങള്‍ എന്നിവരുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത്.അജാനൂര്‍ കൃഷിഭവന്റെ സഹായവും ഇവര്‍ക്കായുണ്ട്. നെല്‍കൃഷിയില്‍ നിന്നും ലഭിക്കുന്ന വിളവ് ഉപയോഗിച്ചുകൊണ്ട് തെയ്യംകെട്ടിനായുള്ള കൂവം അളക്കുന്നതിന് നെല്ല് സംഭരിക്കും. കൂടാതെ ഉത്സവ ദിവസങ്ങളിലുള്ള നൈവേദ്യ ചടങ്ങുകള്‍ക്കും ഈ നെല്ല് ഉപയോഗിക്കും. ബാക്കി വരുന്ന നെല്ല് അരിയാക്കി ഉത്സവ ദിവസങ്ങളില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് അന്നദാനത്തിനായും ഉപയോഗിക്കും.

 

error: Content is protected !!