local news

ചെമ്മട്ടംവയലില്‍ വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ മരം കയറ്റി വന്ന ലോറി താഴ്ന്നു; ഗതാഗതം സ്തംഭിച്ചു

കാഞ്ഞങ്ങാട്: ദേശീയപാത ചെമ്മട്ടംവയല്‍ അടിപ്പാതയ്ക്ക് സമീപത്തെ സര്‍വീസ് റോഡില്‍ വാട്ടര്‍ അതോറിറ്റി കുഴിച്ചെടുത്ത് പൂര്‍ണ്ണമായി മൂടാത്ത കുഴിയില്‍ മരം കയറ്റി വന്ന ലോറി താഴ്ന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. സര്‍വീസ് റോഡിലൂടെ വരികയായിരുന്ന ലോറി, റോഡില്‍ കുഴിച്ചിട്ട് ശരിയായി മൂടാതിരുന്ന കുഴിയിലേക്ക് ചക്രം താഴ്ന്ന് നില്‍ക്കുകയായിരുന്നു. മരം കയറ്റി വന്ന ലോറിയുടെ മുന്‍ചക്രമാണ് കുഴിയില്‍ പൂര്‍ണ്ണമായി താഴ്ന്നത്. ഇതിനിടെപകുതിയിലേറെ മരക്കഷണങ്ങള്‍ റോഡിലേക്ക് പതിച്ചു. ഇതിനെ തുടര്‍ന്ന് സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം ഏറെ നേരം സ്തംഭിച്ചു. നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേര്‍ന്ന് ലോറി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഭാരം കൂടുതലായതിനാല്‍ ശ്രമം വിഫലമായി. പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി പുറത്തെടുത്തത്. വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണിക്കായി കുഴിച്ച കുഴി ശരിയായി മൂടാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇരുട്ടില്‍ കുഴി തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന അവസ്ഥയാണുള്ളത്. മഴക്കാലത്ത് കുഴിയില്‍ വെള്ളം നിറഞ്ഞ് കൂടുതല്‍ അപകടകരമാകുമെന്നും നാട്ടുകാര്‍ പറയുന്നു. സര്‍വീസ് റോഡില്‍ പലയിടത്തും ഇത്തരത്തില്‍ കുഴികള്‍ മൂടാതെ കിടക്കുന്നുണ്ടെന്നും, ഇവ അടിയന്തരമായി അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 

error: Content is protected !!