ദീപാവലി ആഘോഷത്തിന് ധന്യത പകര്‍ന്ന് രാമനഗരം ശ്രീരാമ ക്ഷേത്രത്തില്‍ സഹസ്ര ദീപ സമര്‍പ്പണം
രാംനഗര്‍ : പതിനാലു വര്‍ഷത്തെ വനവാസത്തിനും രാവണ നിഗ്രഹത്തിനും ശേഷം അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമചന്ദ്രനെ രാജവീഥിയില്‍ ദീപം തെളിയിച്ച് സ്വീകരിച്ച ദിവസമാണ് ദീപാവലി എന്ന വിശ്വാസത്തെ അനുസ്മരിപ്പിച്ചുകൊണ്ട് രാമനഗരം ശ്രീരാമ ക്ഷേത്ര സന്നിധിയില്‍ ശ്രീരാമസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ സഹസ്രദീപ സമര്‍പ്പണം നടന്നു. കൂരിരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക്, തിന്മയില് നിന്ന് നന്മയിലേക്ക്, അജ്ഞാനത്തില്‍ നിന്ന് വിജ്ഞാനത്തിലേക്ക് എന്ന സന്ദേശം ഓര്‍മിപ്പിച്ചു കൊണ്ട് ഒന്നില്‍ നിന്ന് നൂറു കണക്കിന് ദീപങ്ങള്‍ പടര്‍ന്നപ്പോള്‍ അത് നയനാനന്ദകരവും ഭക്തിനിര്‍ഭരവുമായ ദീപക്കാഴ്ചയായി ഭക്തരുടെ മനം നിറച്ചു. നേരത്തെ ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്നു നല്കിയ ദീപം ശ്രീരാമ മണ്ഡപത്തില്‍ സ്ഥാപിച്ച നിലവിളക്കിലേക്ക് തെളിയിച്ചുകൊണ്ട് ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ ദീപ സമര്‍പ്പണത്തിന് തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രി എടമന ഈശ്വരന് എമ്പ്രാതിരി ആമുഖഭാഷണം നടത്തി. തുടര്‍ന്ന് നൂറുകണക്കിന് ഭക്തജനങ്ങള്‍ ഭണ്ഡാര സമര്‍പ്പണത്തിനുശേഷം ചിരാതുകളിലേക്ക് പകര്‍ന്നു കിട്ടിയ ദീപങ്ങളുമായി ക്ഷേത്രപ്രദക്ഷിണം ആരംഭിച്ച് ദീപ സമര്‍പ്പണം പൂര്‍ത്തിയാക്കി മടങ്ങിയപ്പോള്‍ ക്ഷേത്രസന്നിധിയില്‍ അതൊരു അപൂര്‍വ്വ കാഴ്ചയായി മാറി. ദീപം കൊണ്ട് ഒരായിരം മനസ്സുകളെ പ്രകാശപൂരിതമാക്കുന്ന അനിര്‍വചനീയമായ അനുഭൂതിയാണ് ക്ഷേത്ര സന്നിധിയില്‍ എത്തിയ ഭക്തജനങ്ങള്‍ക്ക് ലഭിച്ചത്. ദീപാവലി ദിനത്തില്‍ ക്ഷേത്രത്തില്‍ ഒരുക്കിയ ദീപക്കാഴ്ച ദര്‍ശിക്കാനും ദീപ സമര്‍പ്പണത്തില്‍ പങ്കാളികളാകാനും നൂറുകണക്കിന് ഭക്തജനങ്ങളാണ് രാമനാമജപത്തോടെ ക്ഷേത്രത്തില്‍ എത്തിയത്. എല്ലാ ഭക്തജനങ്ങള്‍ക്കും ദീപാവലി മധുരവും പ്രസാദവും കുടിവെള്ളവും ഒരുക്കിയിരുന്നു. ശ്രീരാമക്ഷേത്ര ആഘോഷകമ്മിറ്റി, മഞ്ഞമ്പൊതി വീരമാരുതി ക്ഷേത്ര കമ്മിറ്റി
എന്നിവരുടെ സഹകരണത്തോടെയാണ് ദീപ സമര്‍പ്പണം ഒരുക്കിയത് സേവാസമിതി അംഗങ്ങളായ പി.പി.രാധിക ടീച്ചര്‍,സുമ രാഘവന്,രുഗ്മിണി ദാമോദരന്‍, ഇന്ദിര ടീച്ചര്‍ കാരാട്ട് വയല്‍,രവീന്ദ്രന് മാവുങ്കല്‍, പ്രദീപ്കുമാര്‍, കരുണാകരന്, പി കെ ഹരീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. പി ദിവാകരന് സ്വാഗതവും എം ജയകുമാര്‍
നന്ദിയും പറഞ്ഞു.

