local news

കെ.എസ്.ആര്‍.ടി.സി ബസുകളിലെ യാത്ര ഇനി കൂടുതല്‍ രസകരമാകും; ബസുകളില്‍ ടി.വി സ്ഥാപിക്കുന്ന പദ്ധതി കാഞ്ഞങ്ങാട് ഡിപ്പോയിലും ആരംഭിച്ചു

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ബസുകളിലെ യാത്ര ഇനി കൂടുതല്‍ രസകരമാകും. യാത്രക്കാര്‍ക്ക് യാത്രയ്ക്കിടെ വിനോദപരിപാടികള്‍ കാണാനുള്ള അവസരമൊരുക്കി ബസുകളില്‍ ടി.വി സ്ഥാപിക്കുന്ന പദ്ധതി കാഞ്ഞങ്ങാട് ഡിപ്പോയിലും ആരംഭിച്ചു. മടിക്കൈ വഴി പരപ്പയിലേക്ക് ഓടുന്ന ആര്‍.ആര്‍.സി 744 നമ്പര്‍ ബസിലാണ് ആദ്യമായി ടി.വി സ്ഥാപിച്ചത്. ഡിപ്പോയുടെ കീഴിലുള്ള പത്ത് ബസുകളിലാണ് നിലവില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.ദീര്‍ഘദൂര യാത്രയ്ക്കിടെ അനുഭവപ്പെടുന്ന മടുപ്പ് മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിനോദപരിപാടികള്‍ക്കും വാര്‍ത്തകള്‍ക്കുമൊപ്പം പരസ്യങ്ങളും സ്‌ക്രീനില്‍ കാണാം. ബസ് പോകുന്ന വഴി, അടുത്ത സ്റ്റോപ്പ് ഏതെന്ന്, എത്തിച്ചേരുന്ന സമയം, കെ.എസ്.ആര്‍.ടി.സിയുടെ പുതിയ അറിയിപ്പുകള്‍ എന്നിവയും സ്‌ക്രീനിലൂടെ യാത്രക്കാര്‍ക്ക് അറിയാന്‍ കഴിയും. ഡ്രൈവര്‍ ക്യാബിന് തൊട്ടുപിന്നിലായി മുകള്‍ഭാഗത്താണ് 32 ഇഞ്ച് എല്‍.ഇ.ഡി ടി.വി ഘടിപ്പിച്ചിരിക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും വ്യക്തമായി കാണാന്‍ കഴിയുന്ന രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ കീശയില്‍ നിന്ന് പണം മുടക്കാതെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ കമ്പനിയുമായി ചേര്‍ന്നാണ് നടപ്പാക്കല്‍. ടി.വിയില്‍ വരുന്ന പരസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത വിഹിതം ലൈസന്‍സ് ഫീസായി കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കും. ഇതിലൂടെ ടിക്കറ്റേതര വരുമാനം കൂട്ടാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. കെ.എസ്.ആര്‍.ടി.സി നേരത്തെ അനുമതി നല്‍കിയ ഉള്ളടക്കങ്ങള്‍ മാത്രമേ ബസുകളില്‍ കാണിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും താല്‍പര്യത്തിനും മുന്‍ഗണന നല്‍കിയാകും പ്രദര്‍ശനം. സംസ്ഥാനത്താകെ 500 സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ ടി.വി സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കാഞ്ഞങ്ങാട്ടും സംവിധാനം എത്തിയത്.

 

error: Content is protected !!