150 വര്‍ഷം പഴക്കമുള്ള ചരിത്രക്കിണറിന് പുനര്ജന്മം; കാഞ്ഞങ്ങാടിന്റെ ഹൃദയത്തില്‍ ജനകീയ മാതൃക
കാഞ്ഞങ്ങാട്: കാലം മറന്ന, ചരിത്രം ഉറങ്ങിയ കിണറിന് പുനര്ജന്മം. നഗരസഭ 45-ാം വാര്‍ഡില്‍ ഗസ്റ്റ് ഹൗസ് – ബംഗ്ലാവ് പി ഡബ്യുഡി റോഡില്‍ യു.ബി.എം.സി സ്കൂളിന് മുന്നിലെ 150 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ കിണറാണ് നാട്ടുകാരുടെ കൂട്ടായ്മയില്‍ പുനര്‍ജനിക്കുന്നത്. നിത്യാനന്ദ കോട്ടയ്ക്ക് സമീപത്തെ പൂങ്കാവനം ക്ഷേത്രത്തിലേക്ക് കര്‍ണാടക, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നടന്നെത്തുന്ന അയ്യപ്പഭക്തര്‍ക്ക് പണ്ടുമുതല്‍ ദാഹജലവും വിശ്രമവും നല്‍കിയിരുന്ന സുപ്രധാന കുടിവെള്ള സ്രോതസ്സായിരുന്നു ഇത്.കാലപ്പഴക്കത്താല്‍ നശിച്ചുകിടന്ന കിണറിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് വഴിത്തിരിവായത്. വീഡിയോ വൈറലായതോടെ നാട് ഉണര്‍ന്നു. മുതിര്‍ന്നവരും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും കൈകോര്‍ത്ത് പുനരുദ്ധാരണ ദൗത്യം ഏറ്റെടുത്തു. ജനകീയ കൂട്ടായ്മയില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവൃത്തികള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.

