State

ജില്ലയില്‍ ആദ്യമായി ഹാര്‍മോണിയം കച്ചേരി നടത്താനൊരുങ്ങി വെള്ളിക്കോത്ത് വിഷ്ണുഭട്ട്; അരങ്ങേറ്റം ബേക്കല്‍ ഗോകുലം ഗോശാല പരമ്പര വിദ്യാപീഠത്തിലെ ദീപാവലി സംഗീതോത്സവത്തില്‍ നവംബര്‍ 19 ന്

 

കാഞ്ഞങ്ങാട് : ജില്ലയില്‍ ആദ്യമായി ഹാര്‍മോണിയം കച്ചേരി നടത്താനൊരുങ്ങി സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ട്. കര്‍ണാടക സംഗീതക്കച്ചേരികളില്‍ പാടുന്ന കീര്‍ത്തനങ്ങള്‍ ഹാര്‍മോണിയത്തില്‍ വായിക്കുന്ന രീതിയാണിത്. പതിവുപോലെ വയലിന്‍, മൃദംഗം തുടങ്ങിയ വാദ്യങ്ങള്‍ പശ്ചാത്തലത്തിലുണ്ടാകും. ഹാര്‍മോണിയം കച്ചേരിക്കായി പുതുതായി വാങ്ങിയ ഹാര്‍മോണിയത്തില്‍ കീര്‍ത്തനങ്ങള്‍ വായിച്ചുറപ്പിക്കുകയാണ് വിഷ്ണുഭട്ട് ഇപ്പോള്‍. ബേക്കല്‍ ഗോകുലം ഗോശാലയിലെ പരമ്പരാ വിദ്യാപീഠം നടത്തുന്ന ദീപാവലി സംഗീതോത്സവത്തിലാണ് അരങ്ങേറ്റം. ഗോശാലയിലെ ധേനുമണ്ഡപത്തില്‍ നവംബര്‍ 19 ന് വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് ഹാര്‍മോണിയം കച്ചേരി അരങ്ങേറുക. ഇടപ്പള്ളി ജയ്മോഹന്‍ (വയലിന്‍), നിക്ഷിത് പുത്തൂര്‍ (മൃദംഗം), ഷിനു ഗോപിനാഥ് കോട്ടയം (ഘടം), പയ്യന്നൂര്‍ ഗോവിന്ദപ്രസാദ് (മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളമൊരുക്കും. പട്ടണം സുബ്രഹ്‌മണ്യ അയ്യരുടെ കൃതിയായ നവരാഗമാലിക വര്‍ണത്തില്‍ തുടക്കമിട്ട്് ചാമരാജ വൊഡയാരുടെ അഠാണ രാഗത്തിലെ ശ്രീമഹാഗണപതിം ഭജേഹം തുടങ്ങി വ്യത്യസ്ത വാഗ്ഗേയകാരന്മാരുടെ വ്യത്യസ്ത രാഗങ്ങളിലുള്ള 10 കീര്‍ത്തനങ്ങള്‍ വായിച്ച് തില്ലാനയോടെ ഉപസംഹരിക്കും വിധമാണ് കച്ചേരിയുടെ ക്രമീകരണം. 1970 കളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ അടോട്ട് ഇടുവുങ്കാലില്‍ നടന്ന ഗാനമേളയ്ക്ക് പിന്നണിയില്‍ രണ്ട് ഹാര്‍മോണിയം വച്ച് കാഞ്ഞങ്ങാട് രാമചന്ദ്രന്‍, കാരക്കുഴി നാരായണന്‍ എന്നീ സംഗീതജ്ഞര്‍ വായിച്ചതു കണ്ടതു മുതല്‍ തുടങ്ങിയതാണ് വിഷ്ണുഭട്ടിന് ഹാര്‍മോണിയത്തോടുള്ള കമ്പം. ഏഴാം തരത്തില്‍ പഠിക്കവെ കുണ്ടുവളപ്പില്‍ നാരായണ ഭാഗവതരുടെ കീഴില്‍ സംഗീതപഠനം തുടങ്ങിയപ്പോള്‍ ഹാര്‍മോണിയം വായിച്ചുകൊണ്ടു തന്നെ കീര്‍ത്തനം പഠിപ്പിക്കുന്നതായിരുന്നു രീതി. എന്നാല്‍ സംഗീതജ്ഞാനം തിരിച്ചറിഞ്ഞ ഗുരുനാഥന്‍ വിഷ്ണുഭട്ടിന്റെ ശ്രദ്ധയെ ഹാര്‍മോണിയത്തില്‍ നിന്ന് തിരിച്ചു. ആഗ്രഹം കണ്ടറിഞ്ഞ പിതാവ് ഗോവിന്ദഭട്ട് കാരക്കുഴി നാരായണനില്‍ നിന്ന് 90 രൂപയ്ക്ക് ഹാര്‍മോണിയം വാങ്ങി നല്‍കി. ആനന്ദാശ്രമത്തിലെ ജ്യോതിര്‍മയാനന്ദ സ്വാമി പിന്നീട് ഇദ്ദേഹത്തിന് ഒരു ഹാര്‍മോണിയം സമ്മാനമായും നല്‍കി. പ്രശസ്ത തബലിസ്റ്റ്് തൃക്കരിപ്പൂര്‍ മഹേഷ് ലാലിന്റെനിര്‍ദേശപ്രകാരം ഇദ്ദേഹം തന്നെ കൊല്‍ക്കത്തയില്‍ പോയി വാങ്ങിയ 56, 000 രൂപ വിലവരുന്ന പുതിയ ഹാര്‍മോണിയത്തിലാണ് ഹാര്‍മോണിയം കച്ചേരിക്കായി കീര്‍ത്തനങ്ങള്‍ വായിച്ചുറപ്പിക്കുന്നത്.

 

error: Content is protected !!