ചരിത്ര സംഗമത്തിന് വേദിയായി കുമ്പളപള്ളി കരിമ്പില്‍ ഹൈസ്കൂള്‍

കരിന്തളം: മലയോര മേഖലയില്‍ വിദ്യാഭ്യാസ സൗകര്യം അപ്രാപ്യമായിരുന്ന 1964-ല്‍ കരിമ്പില്‍ കുഞ്ഞമ്പു സ്ഥാപിച്ച വിദ്യാലയമാണ് കരിമ്പില്‍ ഹൈസ്കൂള്‍. ആ വിദ്യാലയത്തില്‍ ആദ്യമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണവും 64 ആയിരുന്നു. അന്ന് എട്ടാം ക്ലാസില്‍ പ്രവേശനം നേടിയ 64 വിദ്യാര്‍ത്ഥികളില്‍ പലരും ഇന്ന് മണ്മറഞ്ഞെങ്കിലും, ശേഷിക്കുന്നവരെ ഒന്നിച്ചുചേര്‍ത്ത് ആദ്യ ബാച്ചിന്റെ ആദ്യ സംഗമം കുമ്പളപള്ളി കരിമ്പില്‍ ഹൈസ്കൂളില്‍ നടന്നു.നീലേശ്വരം, കൊന്നക്കാട്, പരപ്പ തുടങ്ങി വിദൂര സ്ഥലങ്ങളില്‍ നിന്ന്, യാത്രാ സൗകര്യം പോലുമില്ലാതിരുന്ന കാലത്ത് വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ വന്ന് പഠിച്ചിരുന്നു. പലരും ബന്ധുവീടുകളിലും സമീപത്തെ വീടുകളിലും താമസിച്ചാണ് പഠനം പൂര്‍ത്തിയാക്കിയത്.ഗൃഹാതുരത്വം പേറുന്ന ഓര്‍മ്മകള്‍ നെഞ്ചിലേറ്റി, ശാരീരിക അവശതകള്‍ മാറ്റിവെച്ച്, ദീര്‍ഘദൂരം യാത്ര ചെയ്ത് മക്കളുടെയും കൊച്ചുമക്കളുടെയും കൈപിടിച്ചാണ് പലരും സംഗമത്തിനെത്തിയത്. വികാരനിര്‍ഭരമായ രംഗമായി അത് മാറി. തങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞ സഹപാഠികളുടെയും പൂര്‍വാധ്യാപകരുടെയും വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി അവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.
പഠിതാക്കള്‍ എല്ലാവരും ഒരു ക്ലാസ് റൂമില്‍ ഒത്തുചേര്‍ന്ന് പണ്ട് ഉണ്ടായിരുന്നതുപോലെയുള്ള ക്ലാസ് അനുഭവങ്ങള്‍ പങ്കുവെച്ചു. വൈകി വന്നവരെ ശാസിച്ചുകൊണ്ട് അധ്യാപകര്‍ ക്ലാസ് കൈകാര്യം ചെയ്തത് നവ്യാനുഭവമായി.
‘കെ എച്ച് എസ് കുമ്പളപള്ളി ഫെസ്റ്റ് 64-64’ എന്ന പേരില്‍ നടത്തിയ സംഗമത്തില്‍ കരിമ്പില്‍ ഹൈസ്കൂള്‍ മാനേജര്‍ കെ. സുശീല നാരായണന് ഭദ്രദീപം തെളിയിച്ചു. റിട്ട. സിആര്‍പിഎഫ് എസ് പി . പി . ദാമോദരന്‍ സംഗമം ഉദ്ഘാടനം ചെയ്തു. പി പി മാധവന് പയ്യാവൂര്‍ ആമുഖ പ്രഭാഷണം നടത്തി. പി. ഗംഗാധരന് അധ്യക്ഷത വഹിച്ചു. പി. വി. ഭാസ്കരന്, വി. കെ. പരിമള, കെ. ബാലന് എന്നിവര്‍ സംസാരിച്ചു. വി. കെ. കുഞ്ഞികൃഷ്ണന് സ്വാഗതവും
എം. നാരായണി നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ സദ്യയും കഴിച്ച് ഉപഹാരവും ഏറ്റുവാങ്ങിയാണ് എല്ലാവരും പിരിഞ്ഞത്.

