ജില്ലാ ആശുപത്രിക്ക് മുന്നില്‍ മേല്‍പ്പാലം പണിയണം; സീനിയര്‍ സിറ്റിസണ്‍ സര്‍വീസ് കൗണ്‍സില്‍ ജില്ലാ സമ്മേളനം
കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ അടിയന്തരമായി മേല്‍പ്പാലം പണിയണമെന്ന് സീനിയര്‍ സിറ്റിസണ്‍ സര്‍വീസ് കൗണ്‍സില്‍ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കേണ്ടത് കുടുംബത്തിന്റെയും സര്‍ക്കാരിന്റെയും കടമയാണെന്ന് എം.എല്‍.എ പറഞ്ഞു. വാര്‍ധക്യ പെന്‍ഷന്റെ കേന്ദ്ര വിഹിതം 200 രൂപയില്‍ നിന്ന് 2500 രൂപയാക്കുക, പെന്ഷന് 5000 രൂപയായി വര്‍ധിപ്പിക്കുക, നിര്‍ത്തലാക്കിയ റെയില്‍വേ യാത്രാ ഇളവ് പുനഃസ്ഥാപിക്കുക, വയോജന വന്ദന സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുക, സാര്‍വത്രിക വയോജന പെന്ഷന് നടപ്പിലാക്കുക, കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡില്‍ മേല്‍പ്പാലം പണിയുക, കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ സജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
സീനിയര്‍ സിറ്റിസണ്‍ സര്‍വീസ് കൗണ്‍സില്‍ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് എം.എന്‍. ഹാളില്‍ വെച്ച് നടന്നു. സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റ് കെ. കുഞ്ഞമ്പു പതാക ഉയര്‍ത്തി. ജില്ലാ സമ്മേളനം അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാലന് ഒളിയക്കാല്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ആര്.ഡി.ഒ പി. സുദീപ് മുഖ്യാതിഥിയായിരുന്നു.എ.ഐ.ടി.യു.സി നേതാവ് കെ.വി. കൃഷ്ണന്, കെ. സുരേന്ദ്രന്, വി.എം. ചന്ദ്രന്, എസ്.സി.എസ്.സി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.വി. ബാലകൃഷ്ണന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.കെ. നായര്‍, ബി.പി. അഗ്ഗിത്തായ എന്നിവര്‍ സംസാരിച്ചു. ഡോ. മൃദുല അരവിന്ദ് വയോജന ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് എടുത്തു. ജില്ലാ സെക്രട്ടറി തമ്പാന് മേലത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി വി. സുരേന്ദ്രന് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പ്രതിനിധി സമ്മേളനം നടന്നു. എം.വി. ഭവാനി, തമ്പാന് മേലത്ത്, കെ. കുഞ്ഞിക്കണ്ണന്, രവീന്ദ്രന് മാണിയാട്ട് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ബാലന് ഒളിയക്കാലിനെ പ്രസിഡന്റായും, വൈസ് പ്രസിഡന്റുമാരായി ബി.പി. അഗ്ഗിത്തായ, കെ. കുഞ്ഞിക്കണ്ണന്, കെ. കുഞ്ഞമ്പു എന്നിവരെയും, തമ്പാന് മേലത്തിനെ സെക്രട്ടറിയായും, കെ. സുരേഷ്, വി. സുരേന്ദ്രന്, കെ.കെ. വത്സലന്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും, ടി.വി. രവിയെ ഖജാന്‍ജിയായും തെരഞ്ഞെടുത്തു.


