ജില്ലാ റൈഫിള്‍ അസോസിയേഷന് ചരിത്ര നേട്ടം; രാജ്യാന്തര മത്സരത്തിന് യോഗ്യത നേടി ആദ്യകല്യാണി യാദവ്, ആയിസര് യാഹിയ, വി.ജെ. ജേക്കബ്
അമ്പലത്തറ: കാസര്‍കോട് ജില്ലാ റൈഫിള്‍ അസോസിയേഷന് അഭിമാന മുഹൂര്‍ത്തവും ചരിത്ര നേട്ടവും. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി രാജ്യാന്തര മത്സരത്തില്‍ പങ്കെടുക്കാന്‍ മൂന്ന് പേര് യോഗ്യത നേടി.ആദ്യകല്യാണി യാദവ്, വി.പി. ആയിസര് യാഹിയ, വി.ജെ. ജേക്കബ് എന്നിവരാണ് സംസ്ഥാനതലത്തില്‍ മിന്നുന്ന വിജയം കരസ്ഥമാക്കി രാജ്യാന്തര മത്സരത്തിന് യോഗ്യത നേടിയത്. അമ്പലത്തറ ഷൂട്ടിങ് റേഞ്ചില്‍ വെച്ച് നടന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ യോഗ്യത നേടിയ കുട്ടികള്‍ക്കും പരിശീലനം നല്കിയ കോച്ച് എം.വി. പ്രജീഷിനും അസോസിയേഷന് പ്രസിഡന്റും ജില്ലാ കളക്ടറുമായ ശ്രീധന്യ സുരേഷ് ഐ.എ.എസ്, വൈസ് പ്രസിഡന്റും ജില്ലാ പോലീസ് മേധാവിയുമായ പി. നിതിന്‍ രാജ് ഐ.പി.എസ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്കി ആദരിച്ചു.
റൈഫിള്‍ അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് കൂടിയായ ശ്രീധന്യ സുരേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. കെ. അബ്ദുള്‍ നാസര്‍ സ്വാഗതം പറഞ്ഞു. ജോ. സെക്രട്ടറി പി.വി. രാജേന്ദ്രകുമാര്‍, എ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. എം. ശ്രീകണ്ഠന് നായര്‍ നന്ദി പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളും മത്സര വിജയികളുടെ രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് ഷൂട്ടിങ് റേഞ്ചും ആധുനിക രീതിയില്‍ നിര്‍മ്മിച്ച വിവിധ തരം തോക്കുകളും അസോസിയേഷന് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളും ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സന്ദര്‍ശിച്ചു.

