കേസെടുത്ത് ബിജെപിയുടെ വായ മൂടിക്കെട്ടാനാവില്ല; ഇനിയും പ്രസംഗിക്കും, രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും തുറന്നുകാട്ടും: അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട് : രാഹുല്‍ ഗാന്ധിക്കെതിരായ പ്രസംഗത്തിന്റെ പേരില്‍ ബിജെപി കണ്ണൂര്‍ മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തിനെതിരെ കണ്ണൂര്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. കോണ്‍ഗ്രസ് എം.എല്‍.എ ടി.ഒ. മോഹനന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
”പ്രസംഗത്തിന്റെ പേരില്‍ കേസെടുത്തതുകൊണ്ട് ബിജെപിയുടെ വായ മൂടിക്കെട്ടാനാവില്ല. കേസിനെ ഭയപ്പെടുന്നില്ല; ഇനിയും പ്രസംഗിക്കും. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ നിലപാടുകളും ഇരട്ടത്താപ്പുകളും ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടും. നിയമപരമായും രാഷ്ട്രീയമായും കേസിനെ നേരിടും” – അഡ്വ. കെ. ശ്രീകാന്ത് വ്യക്തമാക്കി.
താന്‍ നടത്തിയ പ്രസംഗത്തില്‍ പ്രകോപനപരമായ പരാമര്‍ശങ്ങളോ വ്യക്തിപരമായ അധിക്ഷേപങ്ങളോ ഉണ്ടായിട്ടില്ലെന്നും രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ സമീപനം വിശദീകരിക്കുന്നതിനായി ഒരു താരതമ്യം മാത്രമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അതിനെ വളച്ചൊടിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മറ്റു ബിജെപി നേതാക്കള്‍ക്കുമെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ പോലീസ് സമാനമായ നടപടി സ്വീകരിക്കുന്നില്ലെന്നും ബിജെപി നേതാക്കള്‍ക്കെതിരെ പരാതികളുടെ അടിസ്ഥാനത്തില്‍ തിടുക്കത്തില്‍ കേസെടുക്കുന്നത് ഇരട്ടത്താപ്പാണെന്നും ശ്രീകാന്ത് ആരോപിച്ചു.
രാഷ്ട്രീയ വിമര്‍ശനത്തിനും വിയോജിപ്പിനുമുള്ള ജനാധിപത്യ അവകാശം എല്ലാവര്‍ക്കും ഒരുപോലെ ഉറപ്പാക്കണം. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ പോലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

error: Content is protected !!