24 ഭാഷകള്‍ പഠിക്കാം; സൗജന്യ ആപ്പുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി; ബളാന്തോട് ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥിയുമായ എം. ഗോകുല്‍കൃഷ്ണയാണ് ‘ലിംഗോമേറ്റ്’ എന്ന ആപ്പ് വികസിപ്പിച്ചത്

കാഞ്ഞങ്ങാട്: 24 ഭാഷകള്‍ പഠിക്കാവുന്ന മൊബൈല്‍ സൗജന്യ ആപ്പുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. പാണത്തൂര്‍ സ്വദേശിയും ബളാന്തോട് ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥിയുമായ എം. ഗോകുല്‍കൃഷ്ണയാണ് ‘ലിംഗോമേറ്റ്’ എന്ന ആപ്പ് വികസിപ്പിച്ചത്. വിദേശ ഭാഷകളും ഇന്ത്യന്‍ ഭാഷകളും മാതൃഭാഷയില്‍ തന്നെ പഠിക്കാന്‍ കഴിയുമെന്നതാണ് ആപ്പിന്റെ പ്രത്യേകത. ഭാഷകളുടെ ഉച്ചാരണം, വ്യാകരണം, നിത്യജീവിതത്തിലെ പ്രയോഗങ്ങള്‍ എന്നിവയെല്ലാം ആപ്പില്‍ ലഭ്യമാണെന്ന് ഗോകുല്‍കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആറ് മാസത്തെ അധ്വാനത്തിലാണ് ആപ്പ് നിര്‍മ്മിച്ചത്. 31 ഭാഷകള്‍ വരെ പഠിക്കാവുന്ന രീതിയില്‍ ഇത് വിപുലീകരിക്കുമെന്നും ഗോകുല്‍ പറഞ്ഞു. http://lingomate.apk.com എന്ന വെബ്‌സൈറ്റില്‍ ആപ്പ് ലഭ്യമാണ്. ഉടന്‍ തന്നെ പ്ലേ സ്റ്റോറിലും എത്തിക്കുമെന്ന് ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, അറബിക് തുടങ്ങിയ ലോകഭാഷകളും ഹിന്ദി, മറാഠി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളും ആപ്പിലുണ്ട്. വിദേശത്ത് പോകുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ആപ്പ്. മലയാളം ഉള്‍പ്പെടുത്തിയതിനാല്‍ മലയാളികള്‍ക്ക് മറ്റ് ഭാഷകള്‍ എളുപ്പത്തില്‍ പഠിക്കാനാകും. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ കാരണം തുടര്‍ച്ചയായി മൊബൈല്‍ നോക്കുന്നത് കണ്ണിന് ബുദ്ധിമുട്ടായപ്പോഴാണ് യു.പി. ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ ലാപ്‌ടോപ്പ് വാങ്ങി നല്‍കിയത്. പിന്നീട് യൂട്യൂബ് നോക്കി വെബ് ഡിസൈനിംഗ് പഠിച്ചു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വന്തമായി ആപ്പ് നിര്‍മ്മിക്കാന്‍ ആഗ്രഹം തോന്നിയത്. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം അതിനായി ഉപയോഗിച്ചു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദ പഠനം നടത്താനാണ് ആഗ്രഹമെന്ന് ഗോകുല്‍ പറഞ്ഞു.

പാണത്തൂരിലെ കര്‍ഷകനായ പി. കൃഷ്ണകുമാറിന്റെയും രഞ്ജിനിയുടെയും മകനാണ്. വാര്‍ത്താസമ്മേളനത്തില്‍ പനത്തടി പഞ്ചായത്തംഗങ്ങളായ കെ.കെ. വേണുഗോപാല്‍, എം. ഷിബു, പിതാവ് പി. കൃഷ്ണകുമാര്‍, ബി. ജിതേഷ്, രാജീവ് എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!