വിജിലന്‍സ് അന്വേഷണത്തിന് സ്റ്റേ, ഇഡി കേസില്‍ ഇടപെട്ടില്ല; സിംഗിള്‍ ബെഞ്ചിന് വിമര്‍ശനം’; സുപ്രീം കോടതിയില്‍ നടന്നത്

ന്യൂഡല്‍ഹി: സി.എം.ആര്‍.എല്‍.-എക്സാലോജിക് ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ വിജിലന്‍സ് കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ഒരാഴ്ചത്തേക്കാണ് അന്വേഷണം സ്റ്റേ ചെയ്തത്. എന്നാല്‍, വിജിലന്‍സ് രജിസ്റ്റര്‍ചെയ്ത കേസില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ
കേസിലും സുപ്രീം കോടതി ഇടപെട്ടില്ല. പിണറായിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെ സുപ്രീം കോടതി വിമര്‍ശിച്ചു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പിണറായി നല്‍കുന്ന അപ്പീല്‍ പരിഗണിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് കോടതി നിര്‍ദേശം നല്‍കി.
പിണറായി വിജയന്‍, ടി. വീണ, മുഹമ്മദ് റിയാസ്, വാരിസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. ജസ്റ്റിസുമാരായ ജോയ് മാല ബാഗ്ചി,
വി. മോഹന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീം കോടതി

വിജിലന്‍സ് കേസിന്റെ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ വാദം കേള്‍ക്കാതെ അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചതിനെയും സുപ്രീം കോടതി വിമര്‍ശിച്ചു.

‘നിങ്ങള്‍ക്കെതിരായ ഉത്തരവ്, എന്തുകൊണ്ട് അപ്പീല്‍ പോയില്ല’: കേരളത്തോട് സുപ്രീം കോടതി

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് പ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എം.ആര്‍. രമേശ് ബാബു കോടതിയെ അറിയിച്ചു. എന്നാല്‍, സിംഗിള്‍ ബെഞ്ച് വിധി സംസ്ഥാനത്തിന്
എതിരായിരുന്നില്ലേയെന്നും, എന്തുകൊണ്ട് അപ്പീല്‍ പോയില്ലെന്നും കോടതി ചോദിച്ചു. കോടതി ഉത്തരവുകള്‍ പാലിക്കുന്ന സംസ്ഥാനം ആണെന്നും അതിനാലാണ് ഒറ്റദിവസം കൊണ്ട്
കേസ് എടുത്തതെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
ഇഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടത് എന്ന നിലപാടാണ് അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബു സിങ്കിള്‍
ബെഞ്ചിന് മുമ്പാകെ വാദിച്ചത്. ഈ നിലപാടിനോട് യോജിക്കുന്ന പരാമര്‍ശങ്ങളാണ് സുപ്രീം കോടതിയില്‍നിന്ന് ഉണ്ടായത്.

കേസിന്റെ മെറിറ്റ് പറയാന്‍ ശ്രമിച്ച് ഇഡി, കേള്‍ക്കാന്‍ വിസമ്മതിച്ച് കോടതി

സി.എം.ആര്‍.എല്‍. എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ മെറിറ്റ് പറയാന്‍ ഇഡിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സൊഹെബ് ഹുസ്സൈന്‍ കോടതിയില്‍ ശ്രമിച്ചു. എന്നാല്‍, കേസിന്റെ മെറിറ്റിലേക്ക് കടക്കാന്‍ കോടതി വിസമ്മതിച്ചു. പിഎംഎല്‍എ പ്രകാരമുള്ള പരിശോധന
നടത്താം. എന്നാല്‍, നിയമം അനുവദിച്ചിട്ടുള്ള അധികാരപരിധിക്കപ്പുറം കടക്കരുത് എന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.

error: Content is protected !!