നീലേശ്വരം: കാസര്‍ഗോഡേക്കും തിരുവനന്തപുരത്തേക്കും നീട്ടുന്ന 16307/16308 ആലപ്പുഴ-കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിന് അടിയന്തര ഇടപെടല്‍ അഭ്യര്‍ഥിച്ചുകൊണ്ട് നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ കാസര്‍ഗോഡ് എം.പി. രാജ്മോഹന്‍ ഉണ്ണിത്താന് നിവേദനം സമര്‍പ്പിച്ചു. കാസര്‍ഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് നീലേശ്വരം റെയില്‍വേ സ്റ്റേഷന്. നീലേശ്വരം നഗരസഭയിലെയും സമീപപ്രദേശങ്ങളിലെ പത്ത് ഗ്രാമപഞ്ചായത്തുകളിലെയും ജനങ്ങള്‍ ദീര്‍ഘദൂര തീവണ്ടി യാത്രകള്‍ക്കായി പ്രധാനമായും നീലേശ്വരം റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. നീലേശ്വരവും പരിസരപ്രദേശങ്ങളും നിരവധി ക്ഷേത്രങ്ങള്‍, മറ്റ് മത-സാംസ്കാരിക പൈതൃക കേന്ദ്രങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ്. വര്‍ഷം മുഴുവന്‍ നിരവധി തീര്‍ഥാടകരും ഭക്തജനങ്ങളും സന്ദര്‍ശകരും ഈ പ്രദേശങ്ങളിലെത്തുന്നുണ്ട്. പ്രസ്തുത ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് തീര്‍ഥാടകരുടെ യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനും മത-സാംസ്കാരിക വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്കും സഹായകമാകും. രാത്രികാല തീവണ്ടി ആയതു കൊണ്ട് തന്നെ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന് സ്റ്റോപ്പ് ലഭിക്കുന്നത് നീലേശ്വരത്തിന്റെയും സമീപ ഗ്രാമപ്രദേശങ്ങളുടെയും വികസനത്തിന് ഉത്തേജനമാകും. ജനകീയ കൂട്ടായ്മ പ്രസിഡണ്ട് ഡോ.നന്ദകുമാര്‍ കോറോത്ത്, സെക്രട്ടറി കെ.വി.സുനില്‍ രാജ്, കെ.വി.പ്രിയേഷ് കുമാര്‍, എ.വി.പത്മനാഭന് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്. കേന്ദ്ര റെയില്‍വെ മന്ത്രിയോട് നീലേശ്വരത്ത് സ്റ്റോപ്പനുവദിക്കുന്ന കാര്യം ആവശ്യപ്പെടുമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. കാസര്‍ഗോഡ് നിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമായ എക്സിക്യൂട്ടിവ് എക്സ്പ്രസ്സ് കാസര്‍ഗോഡേക്ക് നീട്ടുക എന്ന ആവശ്യം അംഗീകരിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ജനപ്രതിനിധികളെയും രാഷ്ടീയ – സമൂഹ്യ പ്രവര്‍ത്തകരെയും റെയില്‍വെ അധികൃതരെയും ജനകീയ കൂട്ടായ്മ അഭിനന്ദിച്ചു.
