നീലേശ്വരം: കാസര്കോട് റവന്യൂ ജില്ലാ സ്കൂള് കായികമേളയുടെ ആദ്യദിനം തന്നെ റെക്കോര്ഡ് വേട്ട. അഞ്ച് മീറ്റ് റെക്കോര്ഡുകളാണ് ആദ്യദിനം പിറന്നത്. ഇതില് നാല് റെക്കോര്ഡുകളും സബ് ജൂനിയര് വിഭാഗത്തില് കന്നി ജില്ലാ മേളയ്ക്ക് എത്തിയ എട്ടാം ക്ലാസുകാരുടേതെന്നതും ശ്രദ്ധേയമായി.
സബ് ജൂനിയര് 80 മീറ്റര് ഹര്ഡില്സില് കാഞ്ഞങ്ങാട് ദുര്ഗ ഹയര് സെക്കന്ഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്ത്ഥി ശ്രീഹാന് രതീഷാണ് റെക്കോര്ഡ് വേട്ടക്ക് തുടക്കമിട്ടത്. 2025-ല് ബാര ഗവ. ഹയര് സെക്കന്ഡറി സ്കൂളിലെ റിജുല് രഘുവിന്റെ റെക്കോര്ഡാണ് 13.75 സെക്കന്ഡില് ശ്രീഹാന് മറികടന്നത്. കടിഞ്ഞിമൂലയിലെ മര്ച്ചന്റ് നേവി ഉദ്യോഗസ്ഥന് രതീഷിന്റെയും മോണിഷയുടെയും മകനാണ് ശ്രീഹാന്.
സബ് ജൂനിയര് ആണ്കുട്ടികളുടെ ലോങ് ജമ്പില് മംഗല്പാടി ഗവ. ഹയര് സെക്കന്ഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്ത്ഥി മുഹമ്മദ് സുഫിയാനും റെക്കോര്ഡിട്ടു. 2023-ല് വെള്ളരിക്കുണ്ട് സെന്റ് ജോണ്സ് ഹയര് സെക്കന്ഡറിയിലെ എഡ്വിന് ജോസഫിന്റെ റെക്കോര്ഡാണ് 5.31 മീറ്റര് ചാടി സുഫിയാന് തിരുത്തിക്കുറിച്ചത്. ഉപ്പള ബപ്പായിത്തൊട്ടിയിലെ ബേക്കറി തൊഴിലാളി മുഹമ്മദ് ഷഫീറിന്റെയും വീട്ടമ്മയായ ഹര്ഷീനയുടെയും മകനാണ്. സഹോദരന് ആറാം ക്ലാസില് പഠിക്കുന്ന മുഹമ്മദ് സൗബാന്. 100 മീറ്റര്, 200 മീറ്റര്, റിലേ ഇനങ്ങളിലും സുഫിയാന് മത്സരിക്കുന്നുണ്ട്.
സബ് ജൂനിയര് പെണ്കുട്ടികളുടെ 100 മീറ്റര് ഓട്ടത്തില് 13.85 സെക്കന്ഡില് ഓടിയെത്തിയ ചെമ്മനാട് ഗവ. ഹയര് സെക്കന്ഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്ത്ഥിനി ശിവന്യയാണ് മൂന്നാം റെക്കോര്ഡ് സ്വന്തമാക്കിയത്. ഇ.എം.എസ് സ്റ്റേഡിയത്തില് തന്നെ 2023-ല് ദുര്ഗ ഹയര് സെക്കന്ഡറി സ്കൂളിലെ എസ്.കെ. ശ്രീലക്ഷ്മി കുറിച്ച റെക്കോര്ഡാണ് ശിവന്യ മറികടന്നത്. കൂലിത്തൊഴിലാളിയായ കാസര്കോട് ബീരന്ത് ബയലിലെ എസ്.ആര്. അഭിനയ – ഡി. മൂകാംബിക ദമ്പതികളുടെ മകളാണ് ശിവന്യ.
കോടോം അംബേദ്കര് ജി.എച്ച്.എസ്.എസിലെ എട്ടാംക്ലാസ് വിദ്യാര്ത്ഥിനി നിമ എല്സക്കാണ് നാലാം റെക്കോര്ഡ്. സബ് ജൂനിയര് പെണ്കുട്ടികളുടെ ഡിസ്കസ് ത്രോയില് 21.28 മീറ്റര് എറിഞ്ഞാണ് നിമ മീറ്റ് റെക്കോര്ഡിട്ടത്. സബ് ജില്ലാ മത്സരത്തിലെ 18.65 മീറ്റര് എന്ന സ്വന്തം മികവ് മറികടന്നാണ് ജില്ലയില് റെക്കോര്ഡ്. ബേള സെന്റ്. ബി.എ.എസ്.ബി സ്കൂളിലെ ഷെര്ലി ഡിസൂസയുടെ 2025-ലെ 19.93 മീറ്റര് എന്ന നിലവിലെ റെക്കോര്ഡാണ് തിരുത്തിയത്. സംസ്ഥാന ഹാന്ഡ്ബോള് താരം കൂടിയായ നിമ കര്ഷകനായ സെബാസ്റ്റ്യന് മാത്യുവിന്റെയും ജിഷി സൈമണിന്റെയും മകളാണ്.
മീറ്റിലെ അഞ്ചാം റെക്കോര്ഡ് ജൂനിയര് ആണ്കുട്ടികളുടെ 110 മീറ്റര് ഹര്ഡില്സിലാണ്. ബള്ള ഈസ്റ്റ് ജി.എച്ച്.എസ്.എസിലെ പ്ലസ് വണ് വിദ്യാര്ത്ഥി യദു കൃഷ്ണന് 17.25 സെക്കന്ഡില് ഓടിയെത്തിയാണ് റെക്കോര്ഡിട്ടത്. തൃക്കരിപ്പൂര് വി.പി.പി.എം.കെ.പി.എസ്. ജി.വി.എച്ച്.എസ്.എസിലെ എ.പി. ഷഹബാസ് സാദിഖിന്റെ 2024-ലെ റെക്കോര്ഡാണ് യദു മറികടന്നത്. 2025-ലെ ജില്ലാ മീറ്റിലും ഇതേ വിഭാഗത്തില് സ്വര്ണം നേടിയിരുന്നു. അജാനൂര് കടപ്പുറത്തെ മത്സ്യത്തൊഴിലാളി കെ. സനോദ് – സൂപ്പര് മാര്ക്കറ്റ് തൊഴിലാളി വി. വനിത ദമ്പതികളുടെ മകനാണ്. സഹോദരന് അഭിരാം ഹോസ്ദുര്ഗ് എച്ച്.എസ്.എസില് പ്ലസ് ടു വിദ്യാര്ത്ഥിയാണ്.
