കാസര്കോട്: അന്താരാഷ്ട്ര ലഹരി നിര്മാണ-വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് 150 ഗ്രാം മെതാംഫെറ്റമിന് കടത്തിയ കേസില് രണ്ട് നൈജീരിയന് സ്വദേശികള് ഉള്പ്പെടെ അഞ്ച് പ്രതികള് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കാസര്കോട് അഡീഷണല് ജില്ലാ കോടതി ഒന്ന് ജഡ്ജി ടി.എച്ച്. രജിതയാണ് കുറ്റക്കാരാണെന്ന് വിധിച്ചത്. ശിക്ഷ ഒക്ടോബര് 17ന് പ്രഖ്യാപിക്കും. കേസിലെ നാലാം പ്രതി സൂരജിനെ കോടതി വെറുതെ വിട്ടു.
ഒന്നാം പ്രതി
ചട്ടഞ്ചാല് തൈരയിലെ
അബൂബക്കര് (38),
രണ്ടാം പ്രതി
അബൂബക്കറിന്റെ
ഭാര്യ അമീന അശ്ര (35),മൂന്നാം പ്രതി
ബെംഗളൂരു സ്വദേശി
വസീം അക്രം (35),
അഞ്ചാം പ്രതി
നൈജീരിയന് സ്വദേശിനി ഹഫ്സ റിഹാനത്ത് ഉസ്മാന് എന്ന ബ്ലസിങ് ജോയ് (25),
ആറാം പ്രതി
നൈജീരിയന് സ്വദേശി ഉക്ക മോസസ് (41) എന്നി വരെയാണ് കോടതി കുറ്റക്കാരന് കണ്ടെത്തിയത്.
വിധി പറയുന്ന വേളയില് ഹാജരാകാതിരുന്ന ഒന്നും രണ്ടും പ്രതികളായ അബൂബക്കര്, ഭാര്യ അമീന അശ്ര എന്നിവര്ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു.
2023 ഏപ്രില് 21നാണ് കേസിനാസ്പദമായ സംഭവം. വില്പ്പനയ്ക്കായി കടത്തുകയായിരുന്ന 150 ഗ്രാം മെതാംഫെറ്റമിനുമായി കെ എ 03 എം.ഡബ്ലിയു 2866 നമ്പര് സ്വിഫ്റ്റ് കാറില് സഞ്ചരിക്കവെ ഉദുമ പള്ളത്തുവെച്ച് ബേക്കല് പോലീസാണ് ഒന്നു മുതല് നാലു വരെയുള്ള പ്രതികളെ പിടികൂടിയത്. അന്നത്തെ ബേക്കല് എസ്.ഐ പി കെ പ്രദീപന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒന്നാം പ്രതി അബൂബക്കറിന്റെ അടിവസ്ത്രത്തിനുള്ളിലും കാറിന്റെ ഡാഷ്ബോര്ഡിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
തുടര്ന്ന് പ്രതികളുടെ മൊബൈല് ഫോണുകള് കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്ത്തിച്ചിരുന്ന നൈജീരിയന് പൗരന്മാരിലേക്ക് എത്തിയത്. ഇവരെ ബെംഗളൂരുവില് വെച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 2023 മുതല് ഇവര് റിമാന്ഡില് കഴിഞ്ഞുവരികയാണ്.ഡല്ഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങള് കേന്ദ്രീകരിച്ച് ലഹരിമരുന്ന് നിര്മാണവും വിതരണവും നടത്തിവന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായ നൈജീരിയന് സ്വദേശികള്. വിദ്യാഭ്യാസ വിസയില് ഇന്ത്യയിലെത്തിയ ഇവര് വിസ കാലാവധി കഴിഞ്ഞിട്ടും രേഖകളില്ലാതെ രാജ്യത്ത് അനധികൃതമായി തങ്ങുകയായിരുന്നു
ഇന്ത്യന് പൗരന്മാരുടെ തിരിച്ചറിയല് രേഖകള് ഉപയോഗിച്ച് വ്യാജമായി സംഘടിപ്പിച്ച സിം കാര്ഡുകള് വഴിയാണ് ഇടപാടുകള് നടത്തിയിരുന്നത്. വാട്സ്ആപ്പ് വഴി ആവശ്യക്കാരുമായി ബന്ധപ്പെടുകയും, ലഹരിമരുന്ന് ഒളിപ്പിച്ച സ്ഥലത്തിന്റെ ലൊക്കേഷന് അയച്ചുകൊടുത്ത് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം സ്വീകരിക്കുകയുമായിരുന്നു രീതി.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്നത്തെ ജില്ലാ പോലീസ് മേധാവി ഡി.വൈ.എസ്.പി സി.കെ. സുനില്കുമാറിന്റെ നേതൃത്വത്തില് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പ്രതികളുടെ ഫോണുകളിലെ വാട്സ്ആപ്പ് ചാറ്റുകളും കോള് ഡീറ്റെയില്സ് റെക്കോര്ഡുകളും (സി.ഡി.ആര്) നിര്ണായക തെളിവുകളായി. ഒന്നാം പ്രതി അബൂബക്കറും ആറാം പ്രതി ഉക്ക മോസസും ബെംഗളൂരുവിലെ മറ്റ് എന്.ഡി.പി.എസ് കേസുകളിലും പ്രതികളാണ്.
കേസില് അന്വേഷണം പൂര്ത്തിയാക്കി കുറ്റപത്രം സമര്പ്പിച്ചത് മുന് ബേക്കല് സര്ക്കിള് ഇന്സ്പെക്ടര് യു. വിപിനാണ്. വിചാരണ വേളയില് പ്രോസിക്യൂഷന് 22 സാക്ഷികളെ വിസ്തരിക്കുകയും 149 രേഖകളും എട്ടോളം തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല് പബ്ലിക് പ്രോസിക്യൂട്ടര് ലോഹിതാക്ഷന് ഇടയില്ലം, അഡ്വ. ആതിര ബാലന് എന്നിവര് ഹാജരായി.
