കാസര്കോട്: കാസര്കോട് ജനറല് ആശുപത്രിയില് താല്ക്കാലിക ജീവനക്കാരുടെ നിയമനത്തിലും ഭിന്നശേഷി സര്ട്ടിഫിക്കറ്റ് വിതരണത്തിലും ഗുരുതര ക്രമക്കേടുകള് കണ്ടെത്തി വിജിലന്സ്. വിജിലന്സ് ഡി.വൈ.എസ്.പി വി.കെ. വിശ്വംഭരന് നായരുടെ നേതൃത്വത്തില് നടത്തിയ മിന്നല് പരിശോധനയിലാണ് വര്ഷങ്ങളായി തുടരുന്ന തിരിമറി പുറത്തുവന്നത്.
ആര്.എസ്.ബി.വൈ പദ്ധതി പ്രകാരമുള്ള നിയമനങ്ങളിലും ഭിന്നശേഷി സര്ട്ടിഫിക്കറ്റ് വിതരണത്തിലും മാനദണ്ഡങ്ങള് കാറ്റില് പറത്തിയാണ് പ്രവര്ത്തനമെന്ന് പരിശോധനയില് വ്യക്തമായി.
2015 മുതല് ആശുപത്രിയില് ആര്.എസ്.ബി.വൈ പദ്ധതിക്ക് കീഴില് ഇരുപതോളം താല്ക്കാലിക ജീവനക്കാരെ നിയമിച്ചത് യാതൊരു സര്ക്കാര് മാനദണ്ഡവും പാലിക്കാതെയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ സുതാര്യമായ മറ്റ് നടപടിക്രമങ്ങള് പാലിച്ചോ അല്ല നിയമനങ്ങള് നടത്തിയത്.
കൂടാതെ, കാലാവധി പൂര്ത്തിയാകുമ്പോള് പുതിയ ആളുകള്ക്ക് അവസരം നല്കാതെ, ചട്ടങ്ങള് ലംഘിച്ച് മുമ്പ് നിയമനം ലഭിച്ചവര്ക്ക് തന്നെ തുടര്ച്ചയായി പുനര്നിയമനം നല്കി വരികയായിരുന്നുവെന്നും വിജിലന്സ് കണ്ടെത്തി.
ഭിന്നശേഷി സര്ട്ടിഫിക്കറ്റിനായുള്ള അപേക്ഷകള് കൈകാര്യം ചെയ്തതിലും ഗുരുതര വീഴ്ചയുണ്ട്. 2022 മുതല് അപേക്ഷകള് പൂര്ണമായും ഓണ്ലൈന് വഴിയാണ് സ്വീകരിക്കുന്നത്. എന്നാല് ഓണ്ലൈനായി അപേക്ഷിച്ച ശേഷം പ്രിന്റൗട്ടുമായി നേരിട്ട് ഓഫീസിലെത്തി സ്വാധീനം ചെലുത്തുന്നവരുടെ അപേക്ഷകള് മാത്രം വേഗത്തില് മെഡിക്കല് ബോര്ഡിന് മുന്നില് ഹാജരാക്കുകയാണ് ചെയ്യുന്നത്.
ഇതുമൂലം സ്വാധീനമില്ലാത്ത സാധാരണക്കാരുടെ അപേക്ഷകള് പരിഗണിക്കപ്പെടാതെ പോകുന്നു. 2024 മുതലുള്ള നിരവധി ഓണ്ലൈന് അപേക്ഷകള് യാതൊരു പരിശോധനയും നടത്താതെ മെഡിക്കല് ബോര്ഡിന് മുന്നിലെത്തിക്കാതെ കെട്ടിക്കിടക്കുകയാണ്. ഓണ്ലൈന് മുന്ഗണനാക്രമം പൂര്ണമായും അട്ടിമറിച്ചാണ് ഉദ്യോഗസ്ഥര് നേരിട്ടെത്തുന്നവര്ക്ക് വഴിവിട്ട സഹായം നല്കിയിരുന്നതെന്നും പരിശോധനയില് വ്യക്തമായി.
പരിശോധനാ സംഘത്തില് എ.എസ്.ഐമാരായ റിജേഷ്, സന്തോഷ്, കെ. ഡോണ്, ശ്രീജിത്ത് മടിക്കൈ, രാജേഷ് മേലത്ത് എന്നിവരും ഉണ്ടായിരുന്നു. കണ്ടെത്തിയ ക്രമക്കേടുകള് സംബന്ധിച്ച് വിശദമായ റിപ്പോര്ട്ട് സര്ക്കാരിനും വിജിലന്സ് ഡയറക്ടര്ക്കും ഉടന് സമര്പ്പിക്കുമെന്ന് ഉദ്യോഗസ്ഥര് അറിയിച്ചു.
