സന്തോഷ് ഒഴിഞ്ഞവളപ്പ്
വടക്കന് കേരളത്തിന്റെ സാംസ്കാരിക പൊലിമയില് വര്ണങ്ങള് വാരിവിതറി നവരാത്രി വേഷങ്ങള് രംഗത്തെത്തി. കര്ണാടകയോട് ചേര്ന്ന പ്രദേശങ്ങളിലാണ് നവരാത്രി വേഷങ്ങള്ക്ക് ഏറെ പ്രചാരം, പ്രത്യേകിച്ച് മംഗളൂരു ഭാഗങ്ങളില്.
നവരാത്രിക്കാലത്ത് പുരാണ കഥാപാത്രങ്ങള് ഗ്രാമ-നഗരങ്ങളുടെ പതിവ് കാഴ്ചയാണ്. യക്ഷഗാന കലാകാരന്മാര് കലാപ്രകടനങ്ങളില്ലാത്ത വിശ്രമകാലത്ത്, പ്രത്യേകിച്ച് ദേവീക്ഷേത്രങ്ങളിലേക്ക് പ്രാര്ത്ഥനയായും നേര്ച്ചയായും ഇത്തരത്തില് പുരാണ വേഷങ്ങളുമായി എത്താറുണ്ട്.
കണ്ണുകളില് തീക്ഷ്ണമായ അസുരഭാവങ്ങളും ദേവഭാവങ്ങളുമായി വിവിധ വേഷങ്ങള് നവരാത്രി ദിനങ്ങളില് ഗ്രാമ-നഗര സഞ്ചാരം നടത്തുന്നു. അസുഖങ്ങള് വന്നാല് ദേവീപ്രീതിക്കായി നവരാത്രി വേഷം കെട്ടിക്കാമെന്ന് പ്രാര്ത്ഥനകള് നേരാറുണ്ട്. സ്ത്രീയും പുരുഷനുമായി ഏത് പുരാണ വേഷവും അണിയാം, അതിനുള്ള സ്വാതന്ത്ര്യം കലാകാരന്മാര്ക്ക് ഒന്പത് ദിവസം സമൂഹം കല്പ്പിച്ച് നല്കിയിട്ടുണ്ട്.
കുട്ടിക്കാലത്ത് നവരാത്രി വേഷങ്ങളെ ഭീതിയോടെയാണ് കണ്ടിരുന്നതെങ്കില് ഇന്ന് അതൊരു കൗതുകമാണ്. നവരാത്രി ആഘോഷം നാട്ടിന്പുറത്ത് അടയാളപ്പെടുത്തുന്ന സാംസ്കാരിക പ്രചരണമായും നവരാത്രി വേഷങ്ങളെ കാണാം.
നിറക്കൂട്ടുകള് ചേര്ന്ന വിവിധ വസ്ത്രധാരണങ്ങളിലൂടെ കത്തിയെരിയുന്ന വേനലില് കണ്ണില് വര്ണക്കൂട്ടുകള് വാരിയെറിയുന്നു നവരാത്രി വേഷമനോഹാരിതകള്. പുരാണ സംഭവങ്ങളെ ഒരു സ്വപ്നദര്ശനത്തില് എന്നപോലെ കാണുവാനും മനംകുളിര്ക്കെ വേഷങ്ങളെ ആസ്വദിക്കാനും എല്ലാവര്ക്കും കഴിയുന്നു.
വ്യാപാര സ്ഥാപനങ്ങള്, വീടുകള് എന്നിവിടങ്ങളില് ഉഗ്രമൂര്ത്തികളായ അസുര കഥാപാത്രങ്ങളായും അനുചരസംഘങ്ങളായും പ്രകമ്പനങ്ങള് തീര്ത്ത് ഓരോ പുരാണ വേഷങ്ങളും കഥാപാത്രങ്ങളും നടന്നുനീങ്ങുന്നു. നാനാജനസഞ്ചാര ഇടങ്ങള് കടന്ന് സംഭാവനകള് സ്വീകരിച്ച് വൈകുന്നേരമാകുമ്പോള് അവരവരുടെ നാടുകളിലെത്തുന്നു. രാവിലെ കുളിച്ച് പരിശുദ്ധിയോടെ വേഷങ്ങള് ധരിച്ച് ദേവീക്ഷേത്രങ്ങള് ദര്ശനം നടത്തും.
കലയുടെയും അറിവിന്റെയും ദേവിയായ സരസ്വതി പ്രീതിയോടെ കഥാപാത്രങ്ങളായും കലാകാരന്മാരായും വേഷങ്ങളുടെ പരകായപ്രവേശം നടത്തുന്നു. തെയ്യങ്ങളും ദേവതകളും ഐതിഹ്യങ്ങളും പോരാട്ടങ്ങളും സാന്ത്വനങ്ങളുമൊക്കെയായി നമ്മുടെ വിശ്വാസ ജീവിതം അത്രമേല് വര്ണാഭമാണ്.
അധര്മശക്തികളായ താരകാസുരനെ നിഗ്രഹിക്കുന്ന ദുര്ഗാദേവിയുടെ ഉഗ്രപ്രതാപത്തിന്റെ സ്മൃതി വരമ്പുകളിലൂടെ ജീവിതം തന്നെ ആഘോഷമാകുന്ന സൗഭാഗ്യ മുഹൂര്ത്തങ്ങള്. കാന്തി ചിന്നും ചിത്തമൊരുദ്യാനമായി പുനര്ജീവന മന്ത്രം പഞ്ചേന്ദ്രിയങ്ങളില് മുകരിതമാകുന്ന എത്രയെത്ര സാംസ്കാരിക പെരുമകള്.
അവിടെയാണ് വൈവിധ്യങ്ങളുടെ ഗ്രാമവഴിത്താരകളില്, നഗരവീഥികളില് വീണ്ടും വീണ്ടും കൗതുകപ്പെരുമകള് സമ്മാനിച്ച് ഈ നവരാത്രിക്കാലത്തും നവരാത്രി മഹിമകളെ അടയാളപ്പെടുത്തി നവരാത്രി വേഷപ്പകര്ച്ചകള് എത്തുന്നത്.
