മന്നമ്പുറത്ത് കാവിലേക്കുള്ള വഴി പുനഃസ്ഥാപിച്ചു: നീലേശ്വരം നഗരസഭയുടെ തീരുമാനം ജനക്ഷേമം മുന്‍നിര്‍ത്തി

നീലേശ്വരം: പുതുതായി നിര്‍മിച്ച നീലേശ്വരം നഗരസഭ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സില്‍നിന്ന് പ്രസിദ്ധമായ മന്നമ്പുറത്ത് കാവിലേക്ക് പോകുന്നതിനുള്ള വഴി പുനഃസ്ഥാപിച്ചത് ജനങ്ങളുടെയും ഭക്തജനങ്ങളുടെയും ദീര്‍ഘകാലത്തെ ആവശ്യത്തിന് പരിഗണന നല്‍കിക്കൊണ്ടാണെന്ന് നഗരസഭാ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി അറിയിച്ചു. കൃത്യമായ എല്ലാ നിയമപരമായ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് നഗരസഭ ഈ തീരുമാനമെടുത്തിട്ടുള്ളത്.
ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന മുലയൂട്ടല്‍ കേന്ദ്രത്തിന്റെ ഒരു ഭാഗത്തുകൂടിയാണ് പിന്‍വശത്തുള്ള വഴിയിലേക്ക് പ്രവേശനം ഒരുക്കിയിട്ടുള്ളത്. മന്നമ്പുറത്ത് കാവിലെയെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങള്‍, പ്രദേശത്തെ വ്യാപാരി സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് വഴി പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചത്. നഗരസഭയുടെ ഈ നടപടിക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാടിന്റെ വികസനത്തിനും ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും ആരാധനാലയത്തിലേക്കുള്ള പ്രവേശനമാര്‍ഗ്ഗം സുഗമമാക്കുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍, ജനോപകാരപ്രദമായ ഈ പദ്ധതിയെ ചിലര്‍ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ഇത്തരം നീക്കങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ചെയര്‍മാന്‍ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണുകയെന്നതാണ് നഗരസഭയുടെ പ്രാഥമിക ഉത്തരവാദിത്തം. യാഥാര്‍ഥ്യവും ലക്ഷ്യവും മനസ്സിലാക്കാതെ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം, പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന പ്രയോജനമാണ് വിലയിരുത്തപ്പെടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

 

error: Content is protected !!