കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് മരിയമ്മ ക്ഷേത്രത്തിന്റെ കമാനത്തിന് മുന്നില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കോലം കത്തിച്ച എസ്.എഫ്.ഐ നടപടിയില്‍ വിശ്വഹിന്ദു പരിഷത്ത് കാഞ്ഞങ്ങാട് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കായി ക്ഷേത്രങ്ങളുടെ പ്രവേശന കവാടവും പരിസരവും ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി.
ക്ഷേത്രങ്ങളുടെ പവിത്രതയും വിശ്വാസികളുടെ വികാരങ്ങളും മാനിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് നിരവധി പൊതുസ്ഥലങ്ങള്‍ ഉണ്ടായിരിക്കെ ക്ഷേത്രത്തിന്റെ പ്രവേശന കവാടം തന്നെ തിരഞ്ഞെടുക്കുന്നത് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും ആരാധനാലയങ്ങളുടെ അന്തസ്സിന് ഭംഗം വരുത്തുന്നതുമാണെന്ന് സംഘടന അഭിപ്രായപ്പെട്ടു.
ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രതിഷേധങ്ങളുടെ വേദിയാക്കുന്ന പ്രവണത സമൂഹത്തില്‍ അനാവശ്യമായ സംഘര്‍ഷങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണമാകുമെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും ആരാധനാലയങ്ങളുടെ അന്തസ്സും വിശ്വാസികളുടെ അവകാശങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സംഘടന വ്യക്തമാക്കി.
വിശ്വഹിന്ദു പരിഷത്ത് കാഞ്ഞങ്ങാട് ജില്ലാ സെക്രട്ടറി ബിനുകുമാര്‍ സിദ്ധാര്ത്ഥന്, ഹോസ്ദുര്‍ഗ് പ്രഖണ്ഡ് സെക്രട്ടറി കുമാരന് കൊടവലം എന്നിവര്‍ സംഭവത്തെ ശക്തമായി അപലപിച്ചു
