മുള്ളേരിയ: ഭാരതീയ വിദ്യാനികേതന്‍ കാസര്‍കോട് ജില്ലാ കലോത്സവം ‘വിദ്യാ തരംഗ് 26’ മുള്ളേരിയ വിദ്യാശ്രീ ശിക്ഷണ കേന്ദ്രത്തില്‍ വെച്ച് നടന്ന നൃത്തസംഗീതോത്സവത്തോടെ സമാപിച്ചു. 18 വിദ്യാലയങ്ങളില്‍ നിന്നായി 600 ഓളം കലാപ്രതിഭകള്‍ മാറ്റുരച്ച കലോത്സവം സംഘാടകര്‍ക്കും അവിസ്മരണീയ അനുഭവമായി.
നൃത്തവും സംഗീതവും യോഗയും നാടന്‍പാട്ടും എന്നിവയ്‌ക്കൊപ്പം സംസ്‌കൃത ഇനങ്ങളിലെ മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ രാത്രി ഏറെ വൈകിയെങ്കിലും പരിപാടി വീക്ഷിക്കാന്‍ വന്‍ജനാവലിയാണ് വിദ്യാശ്രീ ശിക്ഷണ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നത്.
ശിശു വിഭാഗത്തില്‍ നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരം ഒന്നാം സ്ഥാനവും കുണ്ടംകുഴി ഹരിശ്രീ വിദ്യാലയം രണ്ടാം സ്ഥാനവും കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരം മൂന്നാം സ്ഥാനവും നേടി. ബാല വിഭാഗത്തില്‍ ചീമേനി വിവേകാനന്ദ വിദ്യാമന്ദിരത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരം നെല്ലിത്തറ, സരസ്വതി വിദ്യാലയം ബന്തടുക്ക എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കിഷോര്‍ വിഭാഗത്തില്‍ കുഞ്ചത്തൂര്‍ മഹാലിംഗേശ്വര വിദ്യാനികേതന്‍ ചാമ്പ്യന്മാരായി. ഈ വിഭാഗത്തിലെ രണ്ടാം സ്ഥാനം നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരം നേടി. ചീമേനി വിവേകാനന്ദ വിദ്യാമന്ദിരം കലോത്സവത്തിലെ ഓവറോള്‍ ചാമ്പ്യന്മാരായി.
വ്യക്തിഗത ചാമ്പ്യന്മാരായി
ശിശു വിഭാഗത്തില്‍ കലാപ്രതിഭയായി നെല്ലിത്തറ വിദ്യാലയത്തിലെ ശബരി ദേവും കലാതിലകമായി ചീമേനി വിദ്യാലയത്തിലെ നൈഗയും തെരഞ്ഞെടുക്കപ്പെട്ടു. ബാല വിഭാഗത്തില്‍ സൂര്യ ഗോവിന്ദ്, വിസ്മയ (ഇരുവരും ചീമേനി വിവേകാനന്ദ വിദ്യാലയം) യഥാക്രമം കലാപ്രതിഭ, കലാതിലകം പട്ടം കരസ്ഥമാക്കി. കിഷോര്‍ വിഭാഗത്തില്‍ നെല്ലിത്തറ വിദ്യാലയത്തിലെ ആരുഷ് ദേവ്, ആവണി രാഗേഷ് എന്നിവരാണ് കലാപ്രതിഭ, കലാതിലകം ബഹുമതികള്‍ക്ക് അര്‍ഹരായത്. വിജയികള്‍ക്ക് സ്വാഗതസംഘം അധ്യക്ഷന്‍ കരുണാകരന്‍, ജനറല്‍ കണ്‍വീനര്‍ വേണുഗോപാലന്‍ നായര്‍, വിദ്യാശ്രീ ശിക്ഷണ കേന്ദ്രം ഭാരവാഹികള്‍, മുള്ളേരിയ ഹിന്ദു കള്‍ച്ചറല്‍ സൊസൈറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി ജയകുമാര്‍ നെല്ലിത്തറ സ്വാഗതവും ജില്ലാ സംയോജകന്‍ എന്‍.സി.ടി. ഗോപിനാഥ് നന്ദിയും പറഞ്ഞു.
നെല്ലിത്തറ: വിദ്യാശ്രീ ശിക്ഷണ കേന്ദ്രം, മുള്ളേരിയയില്‍ വെച്ച് നടന്ന ഭാരതീയ വിദ്യാനികേതന്‍ കാസര്‍ഗോഡ് ജില്ലാ കലോത്സവത്തില്‍ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിര്‍, നെല്ലിത്തറ അഭിമാനകരമായ നേട്ടം കൈവരിച്ചു. എല്‍ പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും യു പി വിഭാഗത്തിലും എച്ച് എസ് വിഭാഗത്തിലും രണ്ടാം സ്ഥാനവും സ്‌കൂള്‍ കരസ്ഥമാക്കി. എല്‍ പി വിഭാഗത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ശബരിദേവ് കെ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. എച്ച് എസ് വിഭാഗത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആരുഷദേവ് പി കലാപ്രതിഭയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആവണി രാഗേഷ് കലാതിലകവുമായി.
