കലോത്സവ വേദിയിലെ വിസ്മയമായി മാറിയ ആവണി രാകേഷിന് വീണ്ടും കലാതിലക പട്ടം. സ്വാമി രാംദാസ് സരസ്വതി വിദ്യാലയം നെല്ലിക്കട്ടയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈ കൊച്ചുമിടുക്കി തുടര്‍ച്ചയായ അഞ്ചാം തവണയാണ് ജില്ലാതല കലോത്സവത്തില്‍ കലാതിലകം പട്ടം ചൂടുന്നത്. അഞ്ചോളം ഇനങ്ങളില്‍ മത്സരിച്ച ആവണി, നാടോടി നൃത്തം, ലളിതഗാനം, ഭരതനാട്യം എന്നിവയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കി. കൂടാതെ ഗ്രൂപ്പ് ഐറ്റംസായ നാടന്‍പാട്ട്, ദേശഭക്തിഗാനം എന്നിവയിലും ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
‘കുറിഞ്ഞി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ക്രിട്ടിക്സ് അവാര്‍ഡ്, ഡാനിയല്‍ പുരസ്കാരം, പ്രേംനസീര്‍ പുരസ്കാരം ഉള്‍പ്പെടെ ഏഴോളം പുരസ്കാരങ്ങള്‍ ആവണിയെ തേടിയെത്തി. അഞ്ചാം വയസ്സില്‍ ‘അവളോടൊപ്പം’ എന്ന ഷോര്‍ട്ട് ഫിലിമിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ ആവണി, കുറിഞ്ഞി, പ്രകമ്പനം, ഡാകിനി, ഗ്രാമവാസീസ് തുടങ്ങിയ അഞ്ചോളം സിനിമകളിലും നിരവധി ഷോര്‍ട്ട് ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. നിലവില്‍ രണ്ടു മൂന്നു പുതിയ പ്രോജക്ടുകള്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന ആവണി രാഗേഷ് കുമാറിന്റെയും ശിവാഞ്ജനയുടെയും മകളാണ്. സഹോദരന് ശിവകേദാര്‍.
