കേന്ദ്ര സര്‍വകലാശാലയില്‍ ചെരിപ്പും ഷൂവും ഉയര്‍ത്തിയ പ്രകടനം സംസ്‌കാരശൂന്യവും രാഷ്ട്രീയ പാപ്പരത്തവും: അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട് : കേരള കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ക്ക് നേരെ ചില വിദ്യാര്‍ത്ഥികള്‍ ചെരിപ്പും ഷൂവും ഉയര്‍ത്തിക്കാട്ടി മുദ്രാവാക്യം വിളിച്ച സംഭവം സംസ്‌കാരശൂന്യമായ പ്രതിഷേധത്തിന്റെ ഏറ്റവും അധഃപതിച്ച രൂപവും രാഷ്ട്രീയ പാപ്പരത്തത്തിന്റെ തുറന്ന പ്രകടനവുമാണെന്ന് ബിജെപി കണ്ണൂര്‍ മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. ഇത്തരം പ്രതിഷേധങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആശയധാരയിലുള്ളവര്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതുപോലും സഹിക്കാനാകാത്ത അസഹിഷ്ണുതയാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നത്. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാനുള്ള ശേഷിയില്ലാത്തവരാണ് ഒടുവില്‍ ചെരിപ്പും ഷൂവും ഉയര്‍ത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിയോജിക്കാനുള്ള അവകാശത്തെ ബിജെപി ഒരിക്കലും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ പ്രതിഷേധത്തിന്റെ പേരില്‍ അതിഥികളെ അപമാനിക്കുകയും ചെരിപ്പും ഷൂവും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നത് ജനാധിപത്യാവകാശത്തിന്റെ മറവിലുള്ള രാഷ്ട്രീയ അപക്വതയും സംസ്‌കാരശൂന്യതയുമാണെന്ന് ശ്രീകാന്ത് പറഞ്ഞു.
ആര്‍എസ്എസ് ആശയധാരയിലുള്ള ചിന്തകര്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അവരുടെ ആശയങ്ങളെ വിമര്‍ശിക്കട്ടെ. വേദിയില്‍ വാദിക്കട്ടെ. ഒരു ആശയത്തെ പരാജയപ്പെടുത്താന്‍ ചെരിപ്പുയര്‍ത്തേണ്ടിവരുന്ന അവസ്ഥ തന്നെ ആ പ്രതിഷേധത്തിന്റെ ബൗദ്ധിക ദാരിദ്ര്യത്തിന് തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാലകള്‍ അറിവിന്റെയും ആശയസംവാദത്തിന്റെയും കേന്ദ്രങ്ങളാണ്. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ആശയം കേള്‍ക്കാന്‍ പോലും കഴിയാത്ത അസഹിഷ്ണുത വളര്‍ത്തുന്നത് സര്‍വകലാശാലാ സംസ്‌കാരത്തെ അപമാനിക്കലാണെന്ന് ശ്രീകാന്ത് വിമര്‍ശിച്ചു.
ചെരിപ്പും ഷൂവും ഉയര്‍ത്തിയതുകൊണ്ട് ഒരു ആശയവും തകരില്ല. പക്ഷേ പ്രതിഷേധത്തിന്റെ നിലവാരം തീര്‍ച്ചയായും തകര്‍ന്നു.
ക്യാമ്പസുകളില്‍ ചെരിപ്പുകള്‍ ഉയരുകയല്ല വേണ്ടത്; ആശയങ്ങളാണ് ഉയരേണ്ടത്. മുദ്രാവാക്യങ്ങളുടെ ശബ്ദമല്ല, സംവാദങ്ങളുടെ ശക്തിയാണ് ക്യാമ്പസ് രാഷ്ട്രീയത്തിന്റെ നിലവാരം നിര്‍ണയിക്കേണ്ടതെന്ന് ശ്രീകാന്ത് വ്യക്തമാക്കി. ചെരിപ്പുയര്‍ത്തുന്ന രാഷ്ട്രീയമല്ല സമൂഹത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം സംസ്‌കാരശൂന്യമായ പ്രകടനങ്ങളെ വിദ്യാര്‍ത്ഥി സമൂഹവും പൊതുസമൂഹവും ശക്തമായി തള്ളിക്കളയണമെന്ന് ശ്രീകാന്ത് അഭ്യര്‍ത്ഥിച്ചു.

 

error: Content is protected !!