കാസര്‍കോട്: ‘അന്ത്യോദയ’ എന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിലൂടെ 140 കോടി ജനങ്ങളുടെയും ക്ഷേമത്തിനും രാജ്യത്തിന്റെ സമഗ്രവികസനത്തിനും വേണ്ടിയുള്ള ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്ന് ലോകം അംഗീകരിച്ചുകഴിഞ്ഞതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പദ്മനാഭന് പറഞ്ഞു.
നരേന്ദ്രമോദി ഭരണകര്‍ത്താവായി 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന സേവാ സങ്കല്പ് അഭിയാന്റെ ഭാഗമായി കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ‘വികസിത ഭാരത സങ്കല്പ സഭ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചതിലൂടെ ദേശീയോദ്ഗ്രഥനത്തിന്റെയും ദേശീയ ഏകതയുടെയും സന്ദേശമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വന്ദേമാതരം ആലപിച്ചുകൊണ്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ പൂര്‍വികരോടുള്ള കടപ്പാടും ആദരവും പ്രകടിപ്പിക്കേണ്ടതുണ്ടെന്നും സി.കെ. പദ്മനാഭന് കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ അധ്യക്ഷ എം.എല്‍. അശ്വിനി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രന്, സതീഷ് ചന്ദ്ര ഭണ്ഡാരി, സവിത, എ. വേലായുധന്, കണ്ണൂര്‍ മേഖല ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്. സുനില്‍, മനുലാല്‍ മേലത്ത്, ജില്ലാ വൈസ് പ്രസിഡന്റും സേവാ ജ്യോതി യാത്രയുടെ ജില്ലാ ഇന്‍ചാര്‍ജുമായ പി. രമേശ് എന്നിവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പരിപാടി തത്സമയം പ്രദര്‍ശിപ്പിച്ചു.
മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ സേവാ ജ്യോതി തെളിയിച്ചു. ബിജെപി ജില്ലാ അധ്യക്ഷ എം.എല്‍. അശ്വിനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സേവാ ജ്യോതി യാത്ര ചന്ദ്രഗിരി ജംഗ്ഷന്, പുതിയ ബസ് സ്റ്റാന്‍ഡ് വഴി താളിപ്പടുപ്പ് മൈതാനിയില്‍ സമാപിച്ചു.
ജില്ലയിലെ 10 മണ്ഡലങ്ങളില്‍ നിന്നായി 500-ലേറെ ബൂത്തുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഇരുചക്ര വാഹനങ്ങളുമായി രാവിലെ 9.30ഓടെ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ എത്തിച്ചേര്‍ന്നു.
