വന്ദേ മാതരത്തിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ ഐക്യവും ദേശീയബോധവും ദുര്‍ബലപ്പെടുത്താനുള്ള ശ്രമം: ഗവര്‍ണര്‍

കാസര്‍കോട്: രാജ്യത്തിന്റെ ഐക്യവും ദേശീയബോധവും ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് വന്ദേ മാതരത്തിനെതിരായ പ്രതിഷേധമെന്നും ഇതിന് പിന്നിലെ ശക്തികളെയും ആശയങ്ങളെയും കണ്ടെത്തേണ്ടതുണ്ടെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. വന്ദേ മാതരത്തിന്റെ 150ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ സാഹിത്യ അക്കാദമി, അഖില ഭാരതീയ സാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറിനെതിരെ സര്‍വകലാശാലയിലുണ്ടായ പ്രതിഷേധം ഒറ്റപ്പെട്ടതല്ലെന്നും ഡല്‍ഹി മുതല്‍ പ്രാദേശികതലം വരെ ഇത്തരം പ്രവണതകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെക്കുറിച്ച് സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വന്ദേ മാതരത്തിനെതിരെ ചിലര്‍ മുദ്രാവാക്യം വിളിച്ചതില്‍ മാത്രം വിഷയം ഒതുങ്ങുന്നില്ല. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെ ആശയങ്ങളും അവ സമൂഹത്തില്‍ എങ്ങനെ പ്രചരിക്കുന്നു എന്നതും പരിശോധിക്കണം. കണ്ടെത്തുക മാത്രമല്ല, ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാനുള്ള സാമൂഹിക ഇടപെടലും ഉണ്ടാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. വന്ദേ മാതരം ഒരു ഗാനം മാത്രമല്ല, ദേശീയബോധത്തിന്റെ പ്രതീകമാണ്. കൊളോണിയല്‍ ഭരണത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിച്ച ശക്തിയായിരുന്നു വന്ദേ മാതരം. മുഴുവന്‍ ഗാനം ആലപിക്കാതെ ‘വന്ദേ മാതരം’ എന്നു മാത്രം ഉച്ചരിച്ചാല്‍ പോലും രാജ്യത്തെ ജനങ്ങള്‍ ഒന്നാകുന്ന സാഹചര്യമുണ്ടായിരുന്നു. ഈ ദേശീയ ഐക്യമാണ് കൊളോണിയല്‍ ഭരണത്തിന്റെ അടിത്തറ ഇളക്കിയത്. രാജ്യം ഒന്നിച്ചാല്‍ ഇന്ത്യയില്‍ തുടരുക ദുഷ്‌കരമാകുമെന്ന് ബ്രിട്ടീഷുകാര്‍ തിരിച്ചറിഞ്ഞുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
വന്ദേ മാതരം രാജ്യത്തിന്റെ ജനമനസ്സില്‍ രാജ്യത്തോടും രാഷ്ട്രത്തോടുമുള്ള വികാരം ഉണര്‍ത്തി. 1947-ല്‍ ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുപോയതിന് പിന്നില്‍ ഇത്തരം ദേശീയബോധം വളര്‍ത്തിയ നിരവധി സംഭവങ്ങള്‍ക്കും പങ്കുണ്ട്. വന്ദേ മാതരത്തിന്റെ ശക്തിയും ചരിത്രത്തിലെ അതിന്റെ പങ്കും പുതിയ തലമുറ തിരിച്ചറിയണം. വന്ദേ മാതരത്തിന്റെ ചരിത്രം പ്രസംഗങ്ങളില്‍ മാത്രം ഒതുക്കാതെ സമഗ്രമായ ഗവേഷണത്തിലൂടെ രേഖപ്പെടുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള ഗവേഷണം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കണം. ഒരു പ്രസംഗം കേട്ട് അവസാനിക്കുന്നതല്ല, ചരിത്രപരമായ വസ്തുതകളും വിവിധ അഭിപ്രായങ്ങളും പഠനങ്ങളും ഉള്‍ക്കൊള്ളുന്ന ആധികാരിക രേഖയായി അത് ഭാവിതലമുറയ്ക്ക് കൈമാറണം. വന്ദേ മാതരത്തിന്റെ ആറു ശ്ലോകങ്ങളാണോ, അതില്‍ രണ്ട് ശ്ലോകങ്ങള്‍ മാത്രമാണോ ആലപിക്കുന്നത് എന്ന ചര്‍ച്ചയില്‍ മാത്രം വിഷയം ഒതുങ്ങരുത്. അതിന് പിന്നിലെ ഭാവവും ആത്മാവും ദേശീയബോധവുമാണ് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വന്ദേ മാതരം സംബന്ധിച്ച ചര്‍ച്ച സെമിനാര്‍ ഹാളിന്റെയോ ലൈബ്രറിയുടെയോ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങരുത്. അയല്‍ക്കാരുമായും സഹപ്രവര്‍ത്തകരുമായും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായും ഇതേക്കുറിച്ച് സംസാരിക്കണം. രാജ്യത്തിന്റെ സ്ഥാപനങ്ങളെയും പാരമ്പര്യങ്ങളെയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേ മാതരം ഒരിക്കല്‍ രാജ്യത്തെ ഒന്നിപ്പിച്ച ദേശീയ ഉണര്‍വ് വീണ്ടും സൃഷ്ടിക്കേണ്ട സമയമാണിത്. ‘ഏക ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന ആശയത്തിലൂടെ രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താന്‍ എല്ലാവരും പങ്കാളികളാകണം. രാജ്യം ഒറ്റക്കെട്ടായി നിന്നാല്‍ ആര്‍ക്കും അതിനെ വെല്ലുവിളിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വന്ദേ മാതരത്തെക്കുറിച്ചുള്ള ഈ ദേശീയ ഉണര്‍വിന്റെ ഭാഗമാകുകയാണ് ഓരോരുത്തരുടെയും ഉത്തരവാദിത്വം. ഭാവിയില്‍ മക്കള്‍ ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍, വീട്ടിലിരുന്ന് എല്ലാം നോക്കിക്കണ്ട ഒരാളായിരുന്നില്ലെന്നും ഈ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നുവെന്നും അഭിമാനത്തോടെ പറയാന്‍ കഴിയണം. ഇതാണ് വന്ദേ മാതരം നല്‍കുന്ന സന്ദേശമെന്നും ഗവര്‍ണര്‍ പറഞ്ഞു. സാഹിത്യ അക്കാദമി മലയാളം അഡൈ്വസറി ബോര്‍ഡ് കണ്‍വീനര്‍ കെ. പി. രാമനുണ്ണി സമാപന സന്ദേശം നല്‍കി. അഖില ഭാരതീയ സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി പവന്‍പുത്ര ബാദല്‍ അധ്യക്ഷത വഹിച്ചു. കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍, പ്രമുഖ പണ്ഡിത പ്രൊഫ. സുനൈന സിങ്, സാഹിത്യ അക്കാദമി എഡിറ്റര്‍ (ഇംഗ്ലീഷ്) സ്നേഹ ചൗധരി എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!