കാഞ്ഞങ്ങാട് : ബേക്കല്‍ ഉപജില്ലാ ശാസ്ത്രോത്സവം 2026 ഒക്ടോബര്‍ 7, 8 തീയതികളില്‍ നടക്കും. കാഞ്ഞങ്ങാട് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളാണ് മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇഖ്ബാല്‍ എച്ച്എസ്എസ്, ക്രസന്റ് ഇംഗ്ലീഷ് സ്കൂള്‍ എന്നിവിടങ്ങളിലായാണ് വിവിധ മത്സരയിനങ്ങള്‍ നടക്കുന്നത്. ശാസ്ത്രോത്സവത്തിലെ സയന്‍സ് മേള, സാമൂഹ്യ ശാസ്ത്ര മേള, ഐടി മേള എന്നിവ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. പ്രവൃത്തി പരിചയ മേളയും ഗണിത ശാസ്ത്ര മേളയും ക്രസന്റ് ഇംഗ്ലീഷ് സ്കൂളിലാണ് നടക്കുന്നത്. മേളയുടെ ആദ്യദിനം ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഗണിത ശാസ്ത്രമേള എന്നിവ നടക്കും. രണ്ടാം ദിനമാണ് സാമൂഹ്യശാസ്ത്രമേളയും, ഐടി മേളയും നടക്കുന്നത്.
ഉപജില്ലയിലെ 68 സ്കൂളുകളില്‍ നിന്നായി 3582 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. ഒക്ടോബര്‍ 6നാണ് മേളയുടെ രജിസ്ട്രേഷന്. മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബര്‍ 7ന് രാവിലെ 10 മണിക്ക് ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ബഹു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി നിര്‍വഹിക്കും. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് ശ്രീ. വി. വി.രമേശന് മുഖ്യാതിഥിയാകും. സംഘാടകസമിതി ചെയര്‍പേഴ്സനും അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീമതി. വി. വി.തുളസി അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം 8ന് വൈകിട്ട് 4 മണിക്ക് ശ്രീ. ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മേളയുടെ ആദ്യ ദിനമായ 7ന് അയ്യായിരത്തില്‍ അധികം പേര്‍ക്ക് ഭക്ഷണം ഒരുക്കുമെന്ന് സംഘാടക സമിതി വര്‍ക്കിങ് ചെയര്മാന് എം. ഹമീദ് ഹാജി, ജനറല്‍ കണ്‍വീനര്‍ ടി.കെ. അബ്ദുല്‍ റഹ്മാന്, മേളയുടെ ട്രഷററും ബേക്കല്‍ എഇഒയുമായ ടി. കെ. മുഹമ്മദലി, ജോയിന്റ് കണ്‍വീനര്‍ ലൂസി മാത്യു, ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ എം.ബി.എം. അഷ്റഫ്, പിടിഎ പ്രസിഡന്റ് കെ.കാസിം , ക്രസന്റ് സ്കൂള്‍ പിടിഎ പ്രസിഡന്റ് യു. വി. ബഷീര്‍, സംഘാടകസമിതി വൈസ് ചെയര്മാന് അഹമ്മദ് കിര്‍മാനി, മീഡിയ കമ്മിറ്റി കണ്‍വീനര്‍ സന്ദീപ് ചന്ദ്രന് എന്നിവര്‍ അറിയിച്ചു.
