പാണത്തൂര്‍: 2027 മാര്‍ച്ച് മാസം നടക്കുന്ന പാണത്തൂര്‍ താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് പച്ചക്കറി കൃഷി നടത്താന്‍ സ്ഥലം വിട്ട് നല്കി പാണത്തൂര്‍ മഖാം ജമാഅത്ത് കമ്മറ്റി.
മഖാമിന്റെ പേരിലുള്ള രണ്ട് ഏക്കര്‍ സ്ഥലത്താണ് തെയ്യം കെട്ടിനായി പച്ചക്കറി കൃഷി ഒരുങ്ങുക. കൂടാതെ തെയ്യം കെട്ടിന്റെ ഭക്ഷണശാല, വാഹന പാര്‍ക്കിങ്ങ് ഉള്‍പ്പെടെയുള്ള മറ്റാവശ്യങ്ങള്‍ക്കും സ്ഥലം ഉപയോഗിക്കാന്‍ ജമാഅത്ത് കമ്മറ്റി ദേവസ്ഥാനം കമ്മറ്റിക്ക് അനുവാദം നല്കി. സ്ഥല സൗകര്യം ആവശ്യപ്പെട്ട് ദേവസ്ഥാന കമ്മിറ്റി ഭരണസമിതി പ്രസിഡന്റ് മധു ചെമ്പേരി, ജനറല്‍ സെക്രട്ടറി മോഹനന് കോട്ടക്കുന്ന്, ട്രഷറര്‍ സുരേഷ് ചെമ്പേരി, ജോയിന്റ് സെക്രട്ടറി ചിത്രന് ചെമ്പേരി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കുമാരന് അത്തിക്കയം, എട്ടില്ലം പ്രാദേശിക കമ്മിറ്റി പ്രസിഡന്റ് സുകുമാരന്‍ തലപ്പാറ എന്നിവര്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ക്ക് നല്കിയ കത്തിന് മറുപടിയായാണ് ഉല്‍സവാ വശ്യത്തിന് സ്ഥലം ഉപയോഗിക്കാന്‍ അനുവാദം നല്‍കിയത്. മഖാമില്‍ എത്തിയ ദേവസ്ഥാനം ഭാരവാഹികളെ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ റഹ്മാന് ചാപ്പക്കാല്‍, സെക്രട്ടറി പി.കെ നാസര്‍, ജോയിന്റ് സെക്രട്ടറി അസീസ് ചാപ്പക്കാല്‍, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി ഏരത്ത് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.54 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാണത്തൂര്‍ താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് തെയ്യം കെട്ട് നടക്കുന്നത്.
