കാഞ്ഞങ്ങാട്: നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ‘ഓട്ടംതുള്ളല്‍’ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുമെന്നും രണ്ടാം ഭാഗം ഒരുക്കുമെന്നും സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍. കാഞ്ഞങ്ങാട് ദീപ്തി തിയേറ്ററില്‍ നടന്ന വിജയാഘോഷ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയുടെ ഷോയ്ക്ക് മുന്നോടിയായി കേക്ക് മുറിച്ചാണ് ആഘോഷം തുടങ്ങിയത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, ബിനു ശശിറാം, ടിനി ടോം, മനോജ് കെ.യു., ചിത്ര നായര്‍,ബാലതാരങ്ങളായ ശ്രീപത് യാന്‍, റിഹാരാജ് തുടങ്ങിയ താരങ്ങള്‍ കാണികള്‍ക്കൊപ്പമിരുന്ന് സിനിമ കണ്ടു. ശേഷം പ്രേക്ഷകരോട് സംവദിച്ചു. ദേശീയ അവാര്‍ഡ് ജേതാവ് ശ്രീപത് യാനിനെ ചടങ്ങില്‍ ആദരിച്ചു. താരങ്ങളെ തിയേറ്റര്‍ ഉടമ രാജ്കുമാര്‍,നിര്‍മ്മാതാവ് മോഹനന്‍ നെല്ലിക്കാട്ട് എന്നിവര്‍ സ്വീകരിച്ചു. കാഞ്ഞങ്ങാട് സ്വദേശി മോഹനന്‍ നെല്ലിക്കാട്ട് ആധ്യാ പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് ജെ.കെ.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ഹിരണ്‍ മഹാജന്‍, ജി. മാര്‍ത്താണ്ഡന്‍ എന്നിവരാണ്. സാധാരണക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമത്തില്‍ ഒരു കുടുംബത്തില്‍ അരങ്ങേറുന്ന പ്രശ്‌നം ആ ഗ്രാമത്തിന്റെ തന്നെ പ്രശ്‌നമായി മാറുന്ന കഥയാണ് പക്കാ ഫാമിലി കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്നത്. ബിനു ശശിറാം ആണ് രചന. വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ക്കൊപ്പം ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ, കുട്ടി അഖില്‍, ജെറോം, ബിപിന്‍ ചന്ദ്രന്‍, പ്രിയനന്ദന്‍, വൈക്കം ഭാസി, പൗളി വത്സന്‍, സേതുലക്ഷ്മി തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിന്‍, പാവാട, ജോണി ജോണി യെസ് അപ്പ, മഹാറാണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജി. മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് ‘ഓട്ടംതുള്ളല്‍’. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ധന്യ സുരേഷ് മേനോന്‍ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് സംഗീതം. ഛായാഗ്രഹണം പ്രദീപ് നായര്‍, എഡിറ്റിംഗ് ജോണ്‍കുട്ടി.
