കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക് കവലയില്‍ റോഡരികിലെ മാളങ്ങള്‍ വൈദ്യുതി തൂണിന് ഭീഷണിയായി. ചുവട്ടിലെ മണ്ണ് ഒലിച്ചു പോയതോടെ തൂണ് കിഴക്കോട്ട് ചെരിഞ്ഞ നിലയിലാണ്. പട്ടണത്തിലെ ഓവുചാല്‍ കോട്ടച്ചേരിയില്‍ നിന്ന് കുന്നുമ്മല്‍ റോഡിലെ ഓവുചാലുമായി യോജിക്കുന്ന ഭാഗത്ത് വിള്ളലുകള്‍ കൃത്യമായി കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കാത്തതോടെയാണ് മാളങ്ങള്‍ രൂപപ്പെട്ടത്. നവീകരണം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡരിക് ഇടിഞ്ഞുതാഴാന്‍ തുടങ്ങി. വാഹനങ്ങള്‍ കുഴിയിലേക്ക് മറിഞ്ഞുള്ള അപകടം പതിവായതോടെ ട്രാഫിക് പോലീസ് ഫൈബര്‍ ബോര്‍ഡ് വെച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും ബോര്‍ഡ് ഇപ്പോള്‍ കുഴിക്കുള്ളില്‍ കിടക്കുകയാണ്. മാളത്തില്‍ വീണ് ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവായതോടെ സമീപത്തെ വ്യാപാരി മരപ്പലക നിരത്തിയാണ് മുന്നറിയിപ്പ് നല്‍കുന്നത്. തിരക്കേറിയ ഈ കവലയില്‍ യാത്രക്കാരുടെ തിരക്കും ഒഴിയാറില്ല.
റെയില്‍വേ സ്റ്റേഷന് റോഡിലും സമാനമായ കുഴികളും നിര്‍മ്മാണ അപാകതകളുമുണ്ട്. കോട്ടച്ചേരി – കുന്നുമ്മല്‍ റോഡിലെ ഓവുചാലിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ പഴകി പൊട്ടി എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്.
