കാഞ്ഞങ്ങാട്: മാറുന്ന കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തക പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യം കൂടി വളര്‍ത്തിയെടുക്കാനുള്ള പ്രായോഗിക പരിശീലനമാണ് അധ്യാപകര്‍ നല്‍കേണ്ടതെന്ന് മണിപ്പാല്‍ സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ ചെയര്‍മാന്‍ ബ്രിഗേഡിയര്‍ ഡോ. സുര്‍ജിത് സിംഗ് പാബ്ല അഭിപ്രായപ്പെട്ടു. സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജില്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ‘നാളെയെ വാര്‍ത്തെടുക്കുന്ന അധ്യാപകര്‍’ (ടീച്ചേഴ്‌സ് ഹൂ ഷേപ്പ് ടുമാറോ) എന്ന ഏകദിന അധ്യാപക ശാക്തീകരണ ശില്പശാലയും ഹോസ്റ്റലിന്റെ നവീകരിച്ച കെട്ടിടവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
?പത്താം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ശേഷം വ്യത്യസ്ത പഠന നിലവാരവുമായി പോളിടെക്‌നിക്കുകളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളെ വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ രീതിയില്‍ ചുരുങ്ങിയ കാലം കൊണ്ട് വാര്‍ത്തെടുക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. എന്‍ജിനീയറിങ് ബിരുദധാരികളെപ്പോലെ അധിക പരിശീലന കാലയളവ് വ്യവസായ സ്ഥാപനങ്ങള്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാറില്ല. അതിനാല്‍ പഠനം പൂര്‍ത്തിയാക്കുന്ന ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യമായ പ്രായോഗിക തൊഴില്‍ വൈദഗ്ധ്യവും പ്രശ്‌നപരിഹാര ശേഷിയും വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയെടുക്കണം. വിദ്യാര്‍ത്ഥികളെ വെറും കേള്‍വിക്കാരായി കാണാതെ, അവരെ നയിക്കുന്ന വഴികാട്ടികളായി അധ്യാപകര്‍ മാറണമെന്നും ഇതിനായി അധ്യാപകര്‍ തങ്ങളുടെ അറിവും അധ്യാപന രീതികളും നിരന്തരം നവീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
?ശ്രീ നിത്യാനന്ദ വിദ്യാകേന്ദ്ര പ്രസിഡന്റ് കെ. ദിവാകര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുന്‍ ഡയറക്ടര്‍ ഡോ. ഡി. ശ്രീകാന്ത് റാവു മുഖ്യാതിഥിയായിരുന്നു. പ്രമുഖ പരിശീലകനും തൊഴില്‍ വിശകലന വിദഗ്ധനുമായ സുഭാഷ് ബംഗേര വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.
?അധ്യാപകരുടെ തൊഴില്‍പരമായ മികവും നേതൃത്വപാടവവും വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി അധ്യാപന രീതികള്‍ മെച്ചപ്പെടുത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്ഥാപനത്തിന്റെ മുഖ്യ ഉപദേശകനും ഭരണസമിതി അംഗവുമായ ഡോ. രഘുവീര്‍ പൈ, നിത്യാനന്ദ വിദ്യാകേന്ദ്രം സെക്രട്ടറി എം. നരസിംഹ ഷേണോയ്, ഡയറക്ടര്‍മാരായ മോഹനചന്ദ്രന്‍ നമ്പ്യാര്‍, എം. എച്ച്. ഷെരീഫ്, മോഹന്‍ദാസ് പടിയാര്‍ ,കോളേജ് പ്രിന്‍സിപ്പല്‍ പി. വിക്രമന്‍ എന്നിവര്‍ സംസാരിച്ചു.
