കരിന്തളം:തേജസിനി പുഴയില്‍ മുക്കട കേന്ദ്രീകരിച്ച് വന്‍തോതില്‍ ജലം ഊറ്റിയെടുത്ത് കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ -പെരളം, കങ്കോല്‍ -ആലപ്പടമ്പ് എന്നീ രണ്ടു പഞ്ചായത്തിലേക്കും കാസര്‍ഗോഡ് ജില്ലയിലെ 5 പഞ്ചായത്തുകളിലേക്കും വെള്ളം കൊണ്ടുപോകാനുള്ള തൃക്കരിപ്പൂര്‍ അഡ്‌ജോയിനിങ് പഞ്ചായത്ത് എന്ന പദ്ധതിക്കെതിരെ പുഴയുടെ ഇരു കരകളിലും വസിക്കുന്ന ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയാണ്. ഈ പദ്ധതി പ്രകാരം ഒരു ദിവസം രണ്ടുകോടി ലിറ്റര്‍ വെള്ളമാണ് പുഴയില്‍ നിന്നും ഊറ്റിയെടുക്കുക. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഇത് മൂന്ന് കോടി കവിയും. പ്രതിദിനം ഇത്രയും വെള്ളം ഊറ്റിയെടുത്താല്‍ അതിനു തക്ക നീരൊഴുക്ക് നിലവില്‍ തേജസ്വിനി പുഴയില്‍ ഇല്ല. ഇത് തീരദേശ മേഖലയിലും കുന്നിന്‍ ചെരിവുകളിലും വലിയ തോതിലുള്ള ജലക്ഷാമത്തിന് കാരണമാകും. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ പ്രവര്‍ത്തനമാരംഭിച്ച ഈ പദ്ധതി ഉപേക്ഷിക്കണമെന്ന് നാട്ടുകാര്‍ ഒന്നടക്കം ആവശ്യപ്പെടുകയാണ്. പാലായി ഷട്ടര്‍ കം ബ്രിഡ്ജ് നിലവില്‍ ഉണ്ടായിട്ട് തന്നെ വേനല്‍ക്കാലത്ത് പുഴയില്‍ ചെറിയതോതില്‍ മാത്രമാണ് വെള്ളം ഉള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ വന്‍തോതില്‍ ജലം ഊറ്റിയെടുക്കുന്നത് വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകും. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെയും കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെയും തീരദേശ മേഖലയില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളെ ഇത് ബാധിക്കും തീരദേശ മേഖലയില്‍ കടുത്ത ജലക്ഷാമത്തിന് കാരണമാകുന്ന ഈ പദ്ധതി എന്ത് വിലകൊടുത്തും തടയുമെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. ഇതിനെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനുവേണ്ടി മന്നച്ചം വയലില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എം വി. പത്മാവതി അധ്യക്ഷയായി. കെ സുകുമാരന്‍, എം ചന്ദ്രന്‍, അഡ്വ. കെ വി രമേശന്‍,പി എ രാജന്‍, വി. അമ്പുഞ്ഞി, കെ സുരേഷ് എന്നിവര്‍ സംസാരിച്ചു. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് എംഎല്‍എമാര്‍ കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിവേദനം നല്‍കാനും, സെപ്റ്റംബര്‍ 27 ന് വൈകുന്നേരം മുക്കടപ്പാലം കേന്ദ്രീകരിച്ച് പ്രതിഷേധ മനുഷ്യചങ്ങല തീര്‍ക്കാനും കമ്മിറ്റി യോഗം തീരുമാനിച്ചു. ഭാരവാഹികളായി വി. അമ്പുഞ്ഞി ( കണ്‍വീനര്‍ ) കെ സുരേഷ് (ചെയര്‍മാന്‍) എന്നിവരെ തിരഞ്ഞെടുത്തു.
