കരിന്തളം: നീണ്ട നാലര ദശാബ്ദത്തിലേറെക്കാലത്തിന് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോള്‍ വയോധികരായ പഴയ സതീര്‍ത്ഥ്യര്‍ കൊച്ചു കുട്ടികളായി മാറി. കരിന്തളം കുമ്പളപ്പള്ളി കരിമ്പില്‍ ഹൈ സ്കൂള്‍ 1978 ലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ വേദിയാണ് ഹൃദയസ്പര്‍ശിയായ ഒട്ടേറെ രംഗങ്ങള്‍ക്ക് സാക്ഷിയായത്. കാലം വരുത്തിയ മാറ്റങ്ങള്‍ അതിജീവിച്ചും ഷഷ്ഠി പൂര്‍ത്തി പിന്നിട്ട് അപ്പൂപ്പന്മാരും അമ്മൂമ്മമാരുമൊക്കെയായി മാറിയവര്‍ പരസ്പരം കണ്ടമാത്രയില്‍ തന്നെ ഓര്‍മ്മയുടെ ഫയലില്‍ നിന്നും തപ്പിയെടുത്ത് പേരുകള്‍ വിളിച്ചതും കെട്ടിപ്പുണര്ന്നതുമെല്ലാംപഴയ സൗഹൃദത്തിന്റെ ഇഴയടുപ്പം വെളിവാക്കുന്നതായി രുന്നു.കാലിച്ചാമരം പൊതുജന വായനശാലയാണ് പഴയ സതീര്‍ത്ഥ്യരുടെ സംഗമ വേദിയായത്.സ്കൂള്‍ വിട്ട ശേഷം പുന:സമാഗമത്തിന് ഇത്രയും കാലവിളംബം ഉണ്ടായതായിരുന്നു മിക്കവരുടെ പ്രധാന പരാതി. കാലപ്രവാഹത്തിനിടയില്‍ തങ്ങളെ വിട്ടു പിരിഞ്ഞ സതീര്‍ത്ഥ്യര്‍ക്ക് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച ശേഷമായിരുന്നു മറ്റു ചടങ്ങുകളിലേക്ക് കടന്നത്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ജീവിത പങ്കാളികളും മക്കളും കൊച്ചുമക്കളുമൊക്കെയായി വിവിധ കോണുകളില്‍ കഴിയുന്നവര്‍ നേരിട്ടും ലോകത്തിന്റെ വിവിധ കോണുകളില്‍ കഴിയുന്നവര്‍ ഓണ്‍ലൈനായും സംഗമത്തില്‍ പങ്കാളികളായി. ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും വന്ന പുരുഷോത്തമന് പ്രഥമ ലക്ഷ്യമായുണ്ടായിരുന്നത് പഴയ സഹപാഠി വി അമ്പൂഞ്ഞിയെ കണ്ട് പഴയൊരു കണക്ക് തീര്‍ക്കലായിരുന്നു. പഠനകാലത്ത് സ്ക്കൂള് പാര്‍ലമെന്റ് തിരഞ്ഞടുപ്പില്‍ രണ്ടു ചേരികളിലായിരുന്ന ആത്മാര്‍ത്ഥ ചങ്ങാതി പുരുഷോത്തമന് അമ്പൂഞ്ഞി ഒരടി കൊടുത്തിരുന്നു. അന്നതിന് തിരിച്ചടിയൊന്നും ചെയ്യാനും കഴിഞ്ഞില്ല. ഈ വേദന ഏറെ കാലം ഉള്ളിലൊതുക്കി നടന്നു. കാലം മഹാ മാന്ത്രികന് ഇതിന് സ്നേഹ സ്വാന്തനമായി. ജീവിതത്തില്‍ എപ്പോഴെങ്കിലും അമ്പൂഞ്ഞിയെ കണ്ടാല്‍ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണമെന്നായിരുന്നു പുരുഷോത്തമന്റെ ആഗ്രഹം.അതാണ് നീണ്ട അര നൂറ്റാണ്ടിനിപ്പുറം സാദ്ധ്യമായത് . ഒപ്പം വേദിയില്‍ അക്കാര്യം തുറന്നു പറയുകയും ചെയ്തു.ഇത് സദസ്സില്‍ പൊട്ടിച്ചിരികള്‍ക്കും കാരണമായി.
ചടങ്ങില്‍ ഒഎം ബാലകൃഷ്ണന് അദ്ധ്യക്ഷം വഹിച്ചു . രാജന് കെ ജോസ് സ്വാഗതവും വി.ജെ ജോസഫ് നന്ദിയും പറഞ്ഞു മൂന്നുമാസത്തിനകം വിപുലമായ കുടുബ സംഗമം തന്നെ നടത്താമെന്ന തീരുമാനത്തോടെയും ഭാവി പ്രവര്ത്തനങള്ക്ക് ഒ എം.ബാലകൃഷ്ണന് ചെയര്‍മാനും രാജന് കെ ജോസ് കണ്‍വീനറുമായി എം ലക്ഷ്മണന്, ചന്ദ്രവതി പി , വി ജെ ജോസഫ്, ശ്യാമള പി, വി അമ്പൂഞ്ഞി എന്നിവരും അടങ്ങിയ ഏഴംഗ സമിതിയെ തിരഞ്ഞെടുത്ത ശേഷം ഫോട്ടോ പകര്ത്തലോടെയാണ് ചടങ്ങ് അവസാനിച്ചത്.
