തലശ്ശേരി: വ്യാജരേഖ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ കണ്ണൂര്‍ സര്‍വകലാശാല മുന്‍ അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയും പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസിലെ (SAT Campus) ഫിസിക്‌സ് വിഭാഗം മുന്‍ മേധാവിയുമായ ഡോ. എന്‍. കെ. ദീപകിനെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചത്. അഴിമതി നിരോധന നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമവും ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം ആകെ 6 വര്‍ഷം കഠിന തടവും 80,000 രൂപ പിഴയുമാണ് വിജിലന്‍സ് ജഡ്ജി കെ. രാമകൃഷ്ണന്‍ വിധിച്ചത്. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അനൂബ് കെ.ബി. ഹാജരായി.
