ചായ്യോത്ത് സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ : വിജയകൊടി പാറിച്ച് ബിഹാര്‍ സ്വദേശി

ചായ്യോത്ത് : സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ എസ് എഫ് ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു മിന്നുന്ന വിജയം നേടി ബിഹാര്‍ സ്വദേശി രമണ്‍ കുമാര്‍. ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെത്തി മലയാളഭാഷയും സംസ്‌കാരവും സ്വന്തമാക്കി, സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ചരിത്രമെഴുതി ബിഹാര്‍ സ്വദേശിയായ രമണ്‍ കുമാര്‍. ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ് രമണ്‍ കുമാര്‍. സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ എസ്.എഫ്.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് രമണ്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയം കൈവരിച്ചത്. ബിഹാര്‍ സുവഹി ഗ്രാമം സ്വദേശികളായ ചന്ദ്രശേഖര്‍ പ്രസാദിന്റെയും ഗിരിജ ദേവിയുടെയും മകനാണ്. 2023-ല്‍ ഒമ്പതാം ക്ലാസ് മുതലാണ് രമണ്‍ ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠനം ആരംഭിക്കുന്നത്. തുടക്കം മുതല്‍ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കനായ രമണ്‍, കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി തന്റെ മികവ് തെളിയിച്ചിരുന്നു. പഠനത്തോടൊപ്പം എന്‍ എസ് എസ് വളണ്ടിയറായും മറ്റു പൊതുപ്രവര്‍ത്തന രംഗത്തും സജീവമായ രമണ്‍ കുമാര്‍, സ്‌കൂളിലെ സഹപാഠികളുടെയും അധ്യാപകരുടെയും പ്രിയങ്കരനായി മാറിക്കഴിഞ്ഞു. ഇതര സംസ്ഥാനത്ത് നിന്നെത്തി കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ശൈലിയിലും കൂട്ടായ്മകളിലും പൂര്‍ണ്ണമായി ലയിച്ചുചേര്‍ന്ന് ഈ വിജയം നേടിയ രമണ്‍ കുമാറിന് നാടും സ്‌കൂള്‍ അധികൃതരും അഭിനന്ദനങ്ങള്‍ അറിയിച്ചു.

 

error: Content is protected !!